ന്യൂഡൽഹി
ഡൽഹിയിൽ നടപ്പാക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത മദ്യനയത്തിൽ അഴിമതി ആരോപിച്ച് ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ്. ഡൽഹി മുൻ എക്സൈസ് കമീഷണർ അരവ ഗോപികൃഷ്ണ, നിലവിലത്തെ ഡെപ്യൂട്ടി കമീഷണർ ആനന്ദ് തിവാരി എന്നിവരുടെ വസതികളിലും ഗുഡ്ഗാവ്, ചണ്ഡീഗഡ്, ബംഗളൂരു, മുംബൈ, ഹൈദരാബാദ് അടക്കം 31 കേന്ദ്രത്തിലും പരിശോധന നടന്നു. സിസോദിയയുടെ വസതിയിലെ റെയ്ഡ് 12 മണിക്കൂർ നീണ്ടു.
മദ്യനയം സംബന്ധിച്ച ചില രേഖകൾ തിവാരിയുടെ വസതിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. സിസോദിയയെ ഒന്നാം പ്രതിയാക്കി സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉദ്യോഗസ്ഥരും വ്യാപാരികളുമടക്കം 15 പേർ പ്രതിപ്പട്ടികയിലുണ്ട്. സിസോദിയയെ അറസ്റ്റുചെയ്തേക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തേക്കും. ആരോഗ്യമന്ത്രിയായ സത്യേന്ദർ ജയിനിനെ കള്ളപ്പണക്കേസിൽ ഇഡി അറസ്റ്റുചെയ്തിരുന്നു. നടക്കാനിരിക്കുന്ന ഹിമാചൽപ്രദേശ്, ഗുജറാത്ത് നിയമസഭ, ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പുകളിൽ എഎപിയും ബിജെപിയും ഏറ്റുമുട്ടാൻ ഒരുങ്ങവെയാണ് പുതിയ നീക്കം.
ഗൂഢാലോചനയിൽ തളരില്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള സിസോദിയ പ്രതികരിച്ചു. ഡൽഹി വിദ്യാഭ്യാസ മാതൃകയെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ് ഒന്നാം പേജിൽ സിസോദിയയുടെ ചിത്രമടക്കം വന്ന ദിവസംതന്നെയാണ് സിബിഐ പരിശോധനയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പരിഹസിച്ചു. സിബിഐ നടപടി നിയമപ്രകാരമാണെന്ന് ബിജെപി പ്രതികരിച്ചു.
വിവാദ മദ്യനയം
മദ്യവിൽപ്പന കേന്ദ്രങ്ങൾ പൂർണമായും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്ത മദ്യനയത്തിൽ ക്രമക്കേട് ആരോപിച്ച് ലഫ്. ഗവർണർ വി കെ സക്സേനയാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. 11 ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ പുതിയ മദ്യനയം സർക്കാർ പിൻവലിച്ചു. വഴിവിട്ട ഇടപാടുണ്ടെന്നാണ് സിബിഐ ആരോപണം. സിസോദിയയുമായി ബന്ധമുള്ള ആളുടെ കമ്പനിക്ക് മദ്യവ്യാപാരി ഒരുകോടി രൂപ നൽകിയെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു.