യുകെ> തൊഴിലാളികളുടെ വേതന പരിഷ്കരണം ആവശ്യപ്പെട്ട് ഇംഗ്ലണ്ടില് റോയല് മെയില് പോസ്റ്റല് തൊഴിലാളികള് നടത്തുന്ന സമരം ശക്തമാകുന്നു. സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് നടത്തിയ വോട്ടെടുപ്പില് വലിയ മുന്നേറ്റമാണുണ്ടാക്കാനായതെന്ന് സംഘാടകര് മാധ്യമങ്ങളോട് വ്യക്തമാക്കി. കൃത്യമായ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം ഓഗസ്റ്റ് 26, 31 സെപ്തംബര് 8,9 തീയതികളില് കൂടുതല് ശക്തമാക്കാനും തീരുമാനമായി
1,15,000 യൂണിയന് അംഗങ്ങള് സമരത്തിനനുകൂലമായി വോട്ട് ചെയ്തു. ‘കൂടുതല് സുരക്ഷിതത്വം തൊഴിലാളികള്ക്കാവശ്യമാണ്. അംഗീകരിക്കാന് കഴിയുന്ന പരിഹാരം വിഷയത്തില് ഉണ്ടാകാതെ സമരത്തില് നിന്നും പിന്മാറില്ല’- ദ കമ്യൂണിക്കേഷന് വര്ക്കേഴ്സ് യൂണിയന് നേതാവ് ടെറി പുള്ളിംഗര് പറഞ്ഞു
72ശതമാനം പോള് ചെയ്ത തെരഞ്ഞെടുപ്പില് 98.7 ശതമാനം പേരാണ് സമരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. അതേസമയം, ഇംഗ്ലണ്ടിലെ റെയില്വേ, തുറമുഖം, ഏവിയേഷന് എന്നീ മേഖലകളിലും ശമ്പളം വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായി പ്രതിഷേധങ്ങള് ഉയര്ന്നു. മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ ഫലമായി ബ്രിട്ടണില് പണപ്പെരുപ്പം പത്ത് ശതമാനത്തിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വിവിധ മേഖലകളില് പ്രതിഷേധങ്ങള് ശക്തി പ്രാപിക്കുന്നത്.
‘സാധാരണക്കാരെ സംബന്ധിച്ച് പ്രശ്നങ്ങള് വഷളാവുകയാണ്’- പുള്ളിംഗര് പറഞ്ഞു അതേസമയം, ഒരു മില്ല്യണ് യൂറോ ദിവസവും നഷ്ടമാകുകയാണെന്നന്നും അതിനാലാണ് മാറ്റങ്ങള് വരുത്താന് തീരുമാനിച്ചതെന്നും റോയല് മെയില് അധികാരികള് പറഞ്ഞു. നിലവിലെ ജീവിത സാഹചര്യത്തിനനുസൃത്യമായി സ്ഥിരതയുള്ള ശമ്പള വര്ധനവാണ് ആവശ്യപ്പെടുന്നത്. അത് ലഭിക്കാത്ത പക്ഷം സമരം തുടരുമെന്നും യൂണിയന് അറിയിച്ചു.