ന്യൂഡൽഹി
ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിക്കാൻ ശുപാർശ ചെയ്ത സമിതിയിൽ നാലു ബിജെപി നേതാക്കളും. എംഎൽഎമാരായ സി കെ റൗൾജി, സുമൻ ചൗഹാൻ, ബിജെപി ഗോധ്ര മുനിസിപ്പൽ കൗൺസിലർ മുരളി മുൽചന്ദാനി, ബിജെപി വനിതാവിഭാഗം പ്രവർത്തക സ്നേഹബെൻ ഭാട്ടിയ എന്നിവരാണ് ഗോധ്ര കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഉണ്ടായിരുന്നത്. മുരളി മുൽചന്ദാനിയാകട്ടെ ഗോധ്ര ട്രെയിൻ തീവയ്പ് കേസിൽ സാക്ഷിയായിരുന്നു. ഇയാളെ വിശ്വാസയോഗ്യമല്ലാത്ത സാക്ഷി എന്നുകണ്ട് കോടതി ഒഴിവാക്കിയിരുന്നു. ഈ സമിതിയുടെ ശുപാർശയിലാണ് സംഘപരിവാറുകാരായ പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയക്കാൻ കാരണമാക്കിയത്.
പ്രതികളെല്ലാം ബ്രാഹ്മണരാണെന്നും നല്ല സംസ്ക്കാരത്തിന് ഉടമകളാണെന്നും സി കെ റൗൾജി എംഎൽഎ പ്രതികരിച്ചു. ഇവർ കുറ്റകൃത്യം ചെയ്യണമെന്ന് കരുതുന്നവരല്ല. ഇവരെ ശിക്ഷിക്കാനുള്ള ഗൂഢശ്രമമാണുണ്ടായതെന്നും റൗൾജി അവകാശപ്പെട്ടു.