ന്യൂഡൽഹി
ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊന്നതിന് ഉത്തരവാദിയായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കാൻ ആവശ്യപ്പെട്ട് സംയുക്ത കിസാൻമോർച്ച ആഹ്വാനംചെയ്ത 75 മണിക്കൂർ ധർണയ്ക്ക് വ്യാഴാഴ്ച തുടക്കമായി. ലഖിംപുർഖേരിയിൽ ആരംഭിച്ച ധർണയിൽ പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കർഷകരും പങ്കെടുക്കുന്നു. കിസാൻസഭയുടെ നേതൃത്വത്തിൽ നൂറുകണക്കിന് കർഷകർ ധർണയിൽ പങ്കാളികളായി.
ഐതിഹാസിക കർഷകസമരത്തിനിടെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്ര കർഷകമാർച്ചിലേക്ക് ബോധപൂർവം വാഹനം ഓടിച്ചുകയറ്റി നാല് കർഷകരെയും ഒരു മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയത്. നിരവധി പേർക്ക് പരിക്കേറ്റു.
കാർഷികനിയമങ്ങൾ പിൻവലിച്ച് കേന്ദ്രം കർഷകസമരം ഒത്തുതീർപ്പാക്കിയ ഘട്ടത്തിൽ മിശ്രയെ പുറത്താക്കാമെന്ന ഉറപ്പ് കേന്ദ്രം നൽകിയിരുന്നു. ഇത് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ധർണ. വാഹനമിടിപ്പിച്ച് കർഷകരെ കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാല് കർഷകർ അറസ്റ്റിലായിരുന്നു. ഇവരെ മോചിപ്പിക്കണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെട്ടു. കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി, പരിക്കേറ്റവർക്ക് നഷ്ടപരിഹാരം എന്നീ ആവശ്യങ്ങളും ഉയർത്തുന്നു.
ജില്ലാ ഭരണാധികാരികളും പൊലീസും ധർണയ്ക്ക് അനുമതി നൽകിയില്ല. ധർണ മുൻനിർത്തി നൂറുകണക്കിന് പൊലീസിനെയും വിന്യസിച്ചു.