തിരുവനന്തപുരം > നിരാലംബരുടെ കണ്ണീരൊപ്പുകയെന്നതായിരുന്നു ഇ കെ നായനാരുടെ രാഷ്ട്രീയമെന്നും അദ്ദേഹത്തിന്റെ ജീവിതം പാവപ്പെട്ടവർക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ലോകമാകെയുള്ള മലയാളികളുടെ മനസ്സിൽ ചൈതന്യത്തോടെ എന്നും നായനാർ സ്മരണ നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് സ്ഥാപിച്ച ആതുര പരിചരണ കേന്ദ്രം വേദനിക്കുന്നവരുടെ സാന്ത്വന കേന്ദ്രമെന്ന തലത്തിലേക്ക് ഉയരും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള രോഗികൾ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്താറുണ്ട്. ചിലർ വളരെ വലിയ പ്രത്യേക സഹായം അർഹിക്കുന്നവരാണ്.
അത്തരം ആളുകൾക്ക് ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് അഭയമാകും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴും എല്ലാവർക്കും മൂന്നുനേരം സൗജന്യ ഭക്ഷണമൊരുക്കാൻ കഴിഞ്ഞു എന്നത് നാട് നന്ദിയോടെ ഓർക്കുന്നുവെന്നതിന്റെ തെളിവാണ് ട്രസ്റ്റിന് അതിവേഗം സ്വന്തം കെട്ടിടം യാഥാർഥ്യമാക്കാനായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.