കൊച്ചി > മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്ത് ഭാര്യയെ നിരന്തരം അധിക്ഷേപിക്കുന്നത് ക്രൂരതയാണെന്ന് ഹൈക്കോടതി. ഭാര്യ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നതടക്കമുള്ള ആക്ഷേപങ്ങൾ മാനസിക പീഡനമാണെന്നും ഇവ വിവാഹമോചനത്തിന് മതിയായ കാരണമാണെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കീഴ്കോടതി ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ തള്ളിയാണ് കോടതിയുടെ നിരീക്ഷണം. സോഫ്ട്വെയർ എൻജിനീയർമാരായ ഇരുവരും 2009 ജനുവരി 17നാണ് വിവാഹിതരായത്. നവംബർ രണ്ടിന് വിവാഹമോചനത്തിനായി യുവതി കോടതിയെ ഏറ്റുമാനൂർ കുടുംബ കോടതിയെ സമീപിച്ചു. ഭർത്താവ് എപ്പോഴും ഇകഴ്ത്തി പറയുന്നുവെന്നും മറ്റുള്ളവരുമായി താരതമ്യംചെയ്ത് സൗന്ദര്യം കുറഞ്ഞവളെന്ന് ആക്ഷേപിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. തനിക്കുവരുന്ന മൊബൈൽ സന്ദേശങ്ങൾ സംശയത്തോടെയാണ് ഭർത്താവ് കാണുന്നത്. 40 ദിവസം മാത്രമാണ് ഒന്നിച്ചുകഴിഞ്ഞത്. ശാരീരിക ബന്ധമുണ്ടായില്ലെന്നും നിരന്തരം അവിശ്വസിക്കുകയും ശാരീരികമായും മാനസികമായും ക്രൂരത കാട്ടിയെന്നും ഹർജിയിൽ ചൂണ്ടികാട്ടി.
ഭാര്യയുടെ അപേക്ഷയിൽ വിവാഹം മോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവിനെതിരെ ഭർത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഭർത്താവിന്റെ പ്രവൃത്തികൾ ക്രൂരതയുടെ പരിധിയിൽ വരുമെന്ന് വിലയിരുത്തിയ ഡിവിഷൻബെഞ്ച്, വിവാഹമോചനം അനുവദിച്ച കുടുംബ കോടതി ഉത്തരവ് ശരിവെച്ചു. ഇരുകക്ഷികളുടെയും ബന്ധം കൂട്ടിയിണക്കാൻ കഴിയുന്നതിനപ്പുറം തകർന്നു. ഈ വസ്തുത ശ്രദ്ധിക്കാതിരിക്കുന്നത് സമൂഹത്തിനു ദോഷകരവും കക്ഷികളുടെ താൽപര്യത്തിന് ഹാനികരവുമാണ്. മാനസിക ക്രൂരത പരാതിക്കാരിയുടെ അനാരോഗ്യത്തിനു കാരണമായെന്നു തെളിയിക്കേണ്ടതില്ല. ക്രൂരതയ്ക്ക് ശാരീരിക പീഡനം അത്യാവശ്യമില്ലെന്നും മനോവ്യഥയും പീഡനവുമുണ്ടാക്കുന്ന പെരുമാറ്റം ഇതിൽ ഉൾപ്പെടുമെന്നും കോടതി പറഞ്ഞു.