ന്യൂഡൽഹി
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) വിലക്കിയ ഫിഫയുടെ നടപടി പിൻവലിക്കാൻ അടിയന്തരനടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം. അണ്ടർ 17 വനിതാലോകകപ്പിന് ആതിഥ്യം വഹിക്കണമെങ്കിൽ എത്രയുംപെട്ടെന്ന് വിലക്ക് പിൻവലിക്കണം. അതിന് ആവശ്യമായ അടിയന്തരനടപടികൾ സ്വീകരിക്കണം–-ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ, ജെ ബി പർധിവാല എന്നിവർ അംഗങ്ങളായ ബെഞ്ച് കേന്ദ്രസർക്കാരിനോട് നിർദേശിച്ചു.
കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഫിഫയുമായി ചർച്ച തുടങ്ങിയതായി സോളിസിറ്റർജനറൽ തുഷാർമെഹ്ത സുപ്രീംകോടതിയെ അറിയിച്ചു. കഴിഞ്ഞദിവസംതന്നെ സർക്കാർ നടപടികൾ തുടങ്ങി. ഫിഫയുമായി രണ്ടുതവണ ചർച്ചകൾ നടത്തി. ചർച്ചകളിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്. എഐഎഫ്എഫ് അഡ്മിനിസ്ട്രേറ്റർമാരും വിഷയത്തിൽ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നുണ്ട്–- തുഷാർമെഹ്ത പറഞ്ഞു.
എഐഎഫ്എഫ് മുൻ പ്രസിഡന്റ് പ്രഫുൽപട്ടേലാണ് മുഴുവൻ പ്രശ്നങ്ങൾക്കും പിന്നിലെന്ന് മുതിർന്ന അഭിഭാഷകൻ രാഹുൽമെഹ്റ ആരോപിച്ചു. ഫെഡറേഷനിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് രാഹുൽമെഹ്റയായിരുന്നു. രാജ്യത്തിന്റെ അഭിമാനത്തെതന്നെ ബാധിക്കുന്ന വിഷയമാണിതെന്ന് സോളിസിറ്റർജനറൽ ചൂണ്ടിക്കാണിച്ചു. നിലവിലെ പ്രശ്നങ്ങൾക്ക് കാരണക്കാരായവർ ആരാണെങ്കിലും അവർക്കെതിരെ സുപ്രീംകോടതി കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽനിന്നുള്ള ‘ഗോകുലം കേരള എഫ്സി’ വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിന് ഉസ്ബെക്കിസ്ഥാനിൽ എത്തിയിട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഫിഫ വിലക്ക് വന്നതോടെ ഇവരുടെ കാര്യം അനിശ്ചിതത്വത്തിലാണ്. വിലക്ക് നീക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗോകുലം ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.മോഹൻബഗാന്റെ എഎഫ്സി കപ്പ് പങ്കാളിത്തത്തിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഈ വിഷയംകൂടി ഫിഫയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഗോപാൽ ശങ്കരനാരായണൻ സോളിസിറ്റർജനറലിനോട് ആവശ്യപ്പെട്ടു. സോളിസിറ്റർജനറലിന്റെ ആവശ്യം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.
കായിക സംഘടനകൾ കുരുങ്ങുമ്പോൾ
രാജ്യത്തെ കായിക സംഘടനകൾ ആദ്യമായല്ല സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാകുന്നത്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമുമ്പ് ബിസിസിഐ, അമ്പെയ്-ത്ത് അസോസിയേഷൻ എന്നിവയുടെ ഭരണത്തിലും കോടതി ഇടപെട്ടിരുന്നു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) എക്സിക്യൂട്ടീവ് സമിതിയെ ഡൽഹി ഹെെക്കോടതി പിരിച്ചുവിട്ടത് കഴിഞ്ഞദിവസമാണ്. ദെെനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ആറംഗ സമിതിയെയും നിയോഗിച്ചു.
ഹോക്കി ഇന്ത്യയും ടേബിൾ ടെന്നീസ് ഫെഡറേഷനും ഡൽഹി ഹെെക്കോടതി നിയോഗിച്ച സമിതിക്കുകീഴിലാണ്. 2011ൽ കായിക മന്ത്രാലയം കൊണ്ടുവന്ന ദേശീയ കായിക ചട്ടം പല സംഘടനകളും പാലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടലുകൾ. സംഘടനകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനായിരുന്നു കായിക ചട്ടം നടപ്പാക്കിയത്. ഈ വർഷമാദ്യമാണ് ഒളിമ്പ്യൻ മണിക ബത്ര ടേബിൾ ടെന്നീസ് പരിശീലകൻ സൗമ്യദീപ് റോയിക്കും മറ്റ് ഒഫീഷ്യൽസിനുമെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചത്. തുടർന്ന് കോടതി ഇടപെട്ട് സമിതിയെ നിയമിച്ചു.
ഫിഫ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ വിലക്കിയ രീതി മറ്റ് സംഘടനകളും തുടർന്നാൽ ഇന്ത്യൻ താരങ്ങൾക്ക് ഒളിമ്പിക്സ് ഉൾപ്പെടെയായിരിക്കും നഷ്ടമാകുക. ഹോക്കി ഇന്ത്യ തെരഞ്ഞെടുപ്പ് വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ചുമതലകൾക്കായുള്ള താൽക്കാലിക ഭരണസമിതിയിൽ മുൻ ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്, അമ്പെയത്ത് താരം ലയ്ഷ്റാം ദേവി എന്നിവരുൾപ്പെട്ടു. ജൂണിലാണ് ഹെെക്കോടതി നരീന്ദർ ബത്രയെ ഐഒഎ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.