തിരുവനന്തപുരം
എല്ലാ മാസവും നിരക്ക് ഉയർത്താൻ വൈദ്യുതി വിതരണ കമ്പനികൾക്ക് അനുമതി നൽകുന്ന കരട് വൈദ്യുതി ചട്ടഭേദഗതി നിർദേശം കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കി. വിവാദമായ വൈദ്യുതി നിയമഭേദഗതി സ്റ്റാൻഡിങ് സമിതിക്ക് വിട്ടതിന് പിന്നാലെയാണ് കോർപറേറ്റുകൾക്ക് ഉപയോക്താക്കളെ കൊള്ളയടിക്കാൻ 2005ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത്.
വൈദ്യുതി വാങ്ങൽ, പ്രസരണ നിരക്ക്, ഇന്ധന നിരക്ക് തുടങ്ങിയ ഇനങ്ങളിൽ ഉണ്ടാകുന്ന അധികച്ചെലവ് കമ്പനികൾക്ക് ഉപയോക്താക്കളിൽനിന്ന് വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി ഈടാക്കാമെന്നതാണ് പ്രധാന നിർദേശം. ഇതിനായി എല്ലാമാസവും വൈദ്യുതി നിരക്ക് കമ്പനികൾക്ക് ഉയർത്താം. ഇതിന് റഗുലേറ്ററി കമീഷന്റെ അനുമതി വേണ്ട. നിരക്ക് വർധിപ്പിക്കാത്ത കമ്പനികൾക്കാകട്ടെ പിന്നീടൊരിക്കിലും അധികച്ചെലവ് ഈടാക്കാൻ കഴിയുകയില്ല. ഇതോടെ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനികൾക്ക് ലഭിക്കുകയും സംസ്ഥാന റഗുലേറ്ററി കമീഷൻ നോക്കുകുത്തിയാകുകയും ചെയ്യും.
സ്വകാര്യ കമ്പനികളും വൈദ്യുതി ബോർഡുകളും തമ്മിലുള്ള കരാർ തർക്കങ്ങൾ 120 ദിവസത്തിനകം റഗുലേറ്ററി കമീഷനുകൾ തീർപ്പാക്കണമെന്നും നിഷ്കർഷിക്കുന്നു. ഇതിൽ കമീഷൻ കാലതാമസം വരുത്തിയാൻ കക്ഷികൾക്ക് ഉത്തരവിന് കാക്കാതെ നേരിട്ട് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാമെന്ന വിചിത്ര നിർദേശവുമുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾവഴി സ്വകാര്യ കമ്പനികൾ വിൽക്കുന്ന പുനരുപയോഗ വൈദ്യുതിക്ക് കേന്ദ്ര പൂൾ സംവിധാനത്തിലൂടെ ഏകീകൃതനിരക്ക് ഏർപ്പെടുത്തുക, ഊർജ സംഭരണ സംവിധാനങ്ങൾക്ക് ലൈസൻസ് ഒഴിവാക്കുക, സംസ്ഥാനങ്ങളിലെ വൈദ്യുതി ലഭ്യത മുൻകൂട്ടി ആസൂത്രണം ചെയ്യുക തുടങ്ങിയ ഭേദഗതി നിർദേശങ്ങളുമുണ്ട്.
നടപ്പാക്കുന്നത് ‘ഗുജറാത്ത് മോഡൽ’; 11നകം അഭിപ്രായം അറിയിക്കണം
വൈദ്യുതി ചട്ട ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ രാജ്യമെങ്ങും നടപ്പാക്കുന്നത് ഗുജറാത്ത് മാതൃക. ഇന്ധന സർചാർജ് എന്ന പേരിലാണ് ഗുജറാത്തിൽ നിരക്ക് ഉയർത്തുന്നതും ഉപയോക്താക്കളെ പിഴിയുന്നതും. അഞ്ച് മാസത്തിനിടെ നാല് തവണയാണ് അവിടെ നിരക്ക് ഉയർത്തിയത്. യൂണിറ്റിന് 2.50 രൂപയാണ് നിലവിലെ ഇന്ധന സർചാർജ്. ഏറ്റവും ഒടുവിൽ വരുത്തിയത് 20 പൈസയുടെ വർധന. കർഷകരൊഴികെ എല്ലാവരും വൈദ്യുതി നിരക്കിന് പുറമെ യൂണിറ്റിന് 2.50 രൂപ കൂടി നൽകണം.
കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് വൈദ്യുതി ചട്ട ഭേദഗതി നിർദേശങ്ങളിൽ സംസ്ഥാനങ്ങൾ സെപ്തംബർ 11നകം അഭിപ്രായം അറിയിക്കണം. ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിന്റെ അനുമതി ആവശ്യമില്ല. പുതുക്കിയ ചട്ടങ്ങൾ നിലവിൽ വന്നാൽ മൂന്ന് മാസത്തിനകം സംസ്ഥാന റഗുലേറ്ററി കമീഷനുകൾ ഇതിനനുസൃതമായ ചട്ടങ്ങൾ പുറപ്പെടുവിക്കണം. ചട്ടങ്ങൾ രൂപീകരിക്കാൻ കമീഷനുകൾ വൈകിയാലും കേന്ദ്ര ചട്ടങ്ങളിലെ മാനദണ്ഡങ്ങൾ പ്രകാരം കമ്പനികൾ എല്ലാ മാസവും നിരക്ക് വർധിപ്പിക്കണം.