ന്യൂഡൽഹി
ഫിഫയുടെ വിലക്കുവന്നതോടെ ഇന്ത്യൻ ഫുട്ബോളിനും കളിക്കാർക്കുമാണ് കനത്ത തിരിച്ചടിയുണ്ടായത്. അണ്ടർ 17 വനിതാ ലോകകപ്പിന്റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായതാണ് ഇതിൽ ഏറ്റവുംവലിയ തിരിച്ചടി. വിലക്ക് മാറിയില്ലെങ്കിൽ ഇന്ത്യൻ പെൺകുട്ടികൾക്ക് ലോകകപ്പിൽ കളിക്കാനുള്ള അവസരംകൂടിയാണ് നഷ്ടമാകുക. ദേശീയ ടീമിന് രാജ്യാന്തര മത്സരങ്ങളിൽ കളിക്കാനാകില്ല. ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകൾക്ക് രാജ്യാന്തര ടൂർണമെന്റുകളിൽ പങ്കെടുക്കാനും കഴിയില്ല. രാജ്യാന്തര സൗഹൃദ മത്സരങ്ങളും മുടങ്ങും.
2023ലെ എഎഫ്സി ഏഷ്യൻ കപ്പിന് ഇന്ത്യൻ സീനിയർ ടീം യോഗ്യത നേടിയിട്ടുണ്ട്. ഈ വർഷം അവസാനം വേദികളിലും മത്സരക്രമത്തിലും തീരുമാനമുണ്ടാകും. വിലക്ക് തുടർന്നാൽ എഎഫ്സി കപ്പിൽ കളിക്കാൻ ഇന്ത്യൻ ടീമിന് കഴിയില്ല. രാജ്യാന്തര ഫുട്ബോളിൽ ഗോളടിയുമായി മുന്നേറുന്ന സുനിൽ ഛേത്രിയെപ്പോലുള്ള പ്രധാന കളിക്കാരെയും യുവതാരങ്ങളെയും ഇത് ബാധിക്കും.
ക്ലബ് ഫുട്ബോളിനെയും ബാധിക്കും. എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഗോകുലം കേരള എഫ്സിയുടെ പ്രതീക്ഷയും അവസാനിച്ചു. ചാമ്പ്യൻഷിപ്പിൽ കളിക്കാനായി ടീം ഉസ്ബെക്കിസ്ഥാനിലാണ്. ആഗസ്ത് 23നാണ് ചാമ്പ്യൻഷിപ് തുടങ്ങുന്നത്.
എഎഫ്സി ഏഷ്യൻ കപ്പ് ഇന്റർ സോൺ പ്ലേ ഓഫിൽ കളിക്കാനുള്ള എടികെ മോഹൻ ബഗാന്റെ പ്രതീക്ഷയും മങ്ങി. സെപ്തംബർ ഏഴിനാണ് മത്സരം.
അണ്ടർ 17 ആൺകുട്ടികളുടെ ഏഷ്യൻ കപ്പ് യോഗ്യതാമത്സരവും സംശയത്തിലാണ്. ഒക്ടോബറിലാണ് ആരംഭിക്കുക. ആഭ്യന്തര ടൂർണമെന്റുകളെ വിലക്ക് ബാധിക്കില്ല. ഐഎസ്എൽ, ഐ ലീഗ്, ഡ്യൂറന്റ് കപ്പ്, സൂപ്പർ കപ്പ് എന്നീ ടൂർണമെന്റുകൾ തീരുമാനിച്ചപ്രകാരം നടക്കും. പക്ഷേ, ദേശീയ ലീഗിന് ഫിഫയുടെ സാമ്പത്തികസഹായം ലഭിക്കില്ല. വിദേശതാരങ്ങളെ കരാർ ചെയ്യുന്നതിനും തടസ്സമുണ്ട്.
നാൾവഴികൾ
2022, മെയ് 18: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിനെയും എക്സിക്യൂട്ടീവ് സമിതിയെയും സുപ്രീംകോടതി പുറത്താക്കി. ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ കോടതി മൂന്നംഗസമിതിയെ നിയമിച്ചു.
പ്രസിഡന്റ് സ്ഥാനത്ത് പട്ടേലിന്റെ കാലാവധി 2021 ഡിസംബറിൽ അവസാനിച്ചിരുന്നു. മൂന്നുതവണയായി 12 വർഷമാണ് പട്ടേൽ സ്ഥാനത്തുണ്ടായത്. ദേശീയ കായികനയം പ്രകാരം പട്ടേലിന് ഇനി സ്ഥാനത്ത് ഇരിക്കാനാകില്ല.
മെയ് 29: എഐഎഫ്എഫ് പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ അവസാനം നടക്കുമെന്ന് താൽക്കാലിക ഭരണസമിതി അംഗം ഡോ. എസ് വൈ ഖുറേഷി പറഞ്ഞു.
ജൂൺ 11: തെരഞ്ഞെടുപ്പ് വേഗത്തിൽ നടത്താൻ താൽക്കാലിക ഭരണസമിതിയും ഫെഡറേഷനിലെ ചില യൂണിറ്റുകളും ചർച്ച നടത്തി.
ജൂൺ 21: ഇന്ത്യയിലെത്തിയ ഫിഫ‐എഎഫ്സി അംഗങ്ങളും ഭരണസമിതിയും തമ്മിലുള്ള ആദ്യഘട്ട ചർച്ച വിജയകരമായി. ഇവർ 12 അംഗ ഉപദേശകസമിതിയെ നിയമിച്ചു. ഫെഡറേഷന്റെ ഓരോ വിഭാഗത്തിലെയും ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുകയും റിപ്പോർട്ട് ഭരണസമിതിക്ക് അയച്ചുകൊടുക്കുകയുമാണ് ഉപദേശകസമിതിയുടെ ചുമതല.
ജൂൺ 23: പുതിയ ഭരണഘടന ജൂലൈ 31നുള്ളിൽ പൂർത്തിയാക്കി, സെപ്തംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്തുമെന്ന ഉറപ്പിന്മേൽ ഫിഫ സംഘം മടങ്ങി.
ജൂലൈ 6: സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധാനംചെയ്യുന്ന ഏഴംഗസമിതിയുമായി ഭരണസമിതി ചർച്ച നടത്തി.
ജൂലൈ 16: ഫെഡറേഷന്റെ പുതിയ ഭരണഘടനയുടെ അന്തിമകരട് സുപ്രീംകോടതിയുടെ അനുമതിക്കായി ഭരണസമിതി സമർപ്പിച്ചു.
ജൂലൈ 18: കോടതിയിൽ സമർപ്പിച്ച ഭരണഘടനയുടെ അന്തിമകരടിനെതിരെ സംസ്ഥാന അസോസിയേഷനുകൾ രംഗത്തുവന്നു. ഭരണഘടനയിലെ പല കാര്യങ്ങളും യുക്തിപരമല്ലാത്തതും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധാനംചെയ്യുന്ന ഏഴംഗസമിതി ഫിഫയ്ക്ക് കത്തെഴുതി.
ജൂലൈ 21: എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ജൂലൈ 25നുമുമ്പ് ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടു. വാദംകേൾക്കൽ ഇരുപത്തെട്ടിലേക്ക് മാറ്റി.
ജൂലൈ 26: എക്സിക്യൂട്ടീവ് സമിതിയിൽ 25 ശതമാനം മുൻ ഫുട്ബോൾ താരങ്ങൾ മതിയെന്ന് ഫിഫയുടെ നിർദേശം. കോടതിയിൽ സമർപ്പിച്ച ഭരണഘടനയിൽ ഇത് 50 ശതമാനമായിരുന്നു.
ജൂലൈ 28: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാദംകേൾക്കൽ കോടതി ആഗസ്ത് മൂന്നിലേക്ക് മാറ്റി. അണ്ടർ 17 വനിതാ ലോകകപ്പാണ് മുഖ്യമെന്നും കോടതി.
ആഗസ്ത് 3: പുതിയ ഭരണസമിതി അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്താൻ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. ആഗസ്ത് 28‐29ന് ഫലം പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.
ആഗസ്ത് 6: ബാഹ്യ ഇടപെടലിൽ അതൃപ്തിയുമായി ഫിഫ. വിലക്കിനൊപ്പം ഒക്ടോബറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് വേദി ഒഴിവാക്കുമെന്നും ഫിഫയുടെ ഭീഷണി.
ആഗസ്ത് 7: കാര്യങ്ങൾ നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് താൽക്കാലിക ഭരണസമിതി ഫിഫയ്ക്ക് ഉറപ്പുനൽകി. അതേസമയം, സ്വാധീനം ഉപയോഗിച്ച് വിലക്കിന് ശ്രമിക്കുന്നതായി പട്ടേലിനെതിരെ ആരോപണവും ഭരണസമിതി ഉന്നയിച്ചു.
ആഗസ്ത് 10: പ്രഫുൽ പട്ടേലും ചില സംസ്ഥാന അസോസിയേഷനുകളും പദവി ദുരുപയോഗം ചെയ്ത് താൽക്കാലിക ഭരണസമിതിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യത്തിന് ഹർജി. പുറത്താക്കപ്പെട്ട പട്ടേൽ ഫിഫയുടെ കൗൺസിൽ മെമ്പർ എന്നനിലയിൽ ഇടപെടലുകൾ നടത്തുന്നുവെന്ന് ആരോപിച്ച് താൽക്കാലിക ഭരണസമിതിയാണ് ഹർജി നൽകിയത്.
ആഗസ്ത് 13: തെരഞ്ഞെടുപ്പിനുമുന്നോടിയായി സുബ്രത ദത്തയും ലാർസിങ് മിങ്ങും നൽകിയ നോമിനേഷനുകൾ റിട്ടേണിങ് ഓഫീസർ ഉമേഷ് സിൻഹ തള്ളി.
ആഗസ്ത് 16: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ ഔദ്യോഗികമായി വിലക്കി.
വിലക്ക് എങ്ങനെ നീക്കും
സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണഘടന പുതുക്കാൻ നീങ്ങിയതാണ് ഫിഫയുടെ അടിയന്തര നടപടിക്ക് പ്രധാന കാരണമായത്. എഐഎഫ്എഫിന്റെ ദൈനംദിന കാര്യങ്ങളിൽ മറ്റാരും ഇടപെടരുതെന്നും നിലവിലെ സ്ഥിതി തുടർന്നാൽ വിലക്കിൽ മാറ്റം വരുത്തേണ്ട എന്നുമാണ് ഫിഫയുടെ നിലപാട്. ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. വിലക്ക് ഒഴിവാക്കാൻ ഫിഫ നിർദേശിക്കുന്ന കാര്യങ്ങൾ ഇതെല്ലാമാണ്:
സുപ്രീംകോടതി നിയമിച്ച താൽക്കാലിക ഭരണസമിതി പിരിച്ചുവിടുക. എഐഎഫ്എഫിന്റെ ദൈനംദിന കാര്യങ്ങളുടെ പൂർണചുമതല എഐഎഫ്എഫിന്റെ പ്രതിനിധികൾക്കുതന്നെ നൽകുക
ഫിഫയുടെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയും മാനദണ്ഡങ്ങൾ അനുസരിച്ചാകണം എഐഎഫ്എഫ് ഭരണഘടന പുതുക്കൽ. ഇതിൽ ബാഹ്യ ഇടപെടൽ പാടില്ല. എഐഎഫ്എഫ് ഭരണസമിതി തെരഞ്ഞെടുപ്പിന്റെ ചുമതല ഫെഡറേഷന്റെ ജനറൽ അസംബ്ലി തെരഞ്ഞെടുക്കുന്ന സ്വതന്ത്ര കമ്മിറ്റിക്കാകണം അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡത്തിൽ മാറ്റം വരുത്തരുത്
വിഷയം സുപ്രീംകോടതി
ഇന്ന് പരിഗണിക്കും
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ വിലക്കിയ നടപടി സുപ്രീംകോടതിയിൽ ഉന്നയിച്ച് കേന്ദ്രസർക്കാർ. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് ഈ വിഷയം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഉന്നയിച്ചത്.
‘ഫിഫയുടെ വാർത്താക്കുറിപ്പ് ഹാജരാക്കാം. അത് പരിശോധിച്ചാൽ ഈ വിഷയത്തിൽ കോടതിക്ക് കൂടുതൽ വ്യക്തതയുണ്ടാകും. വിഷയം കോടതി അടിയന്തരമായി പരിഗണിക്കണം’–- സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ബുധൻ രാവിലെ ആദ്യത്തെ കേസായി പരിഗണിക്കാമെന്ന് സുപ്രീംകോടതി പ്രതികരിച്ചു.
എഐഎഫ്എഫ് പ്രസിഡന്റായി മുൻമന്ത്രി പ്രഫുൽപട്ടേലിന്റെ തെരഞ്ഞെടുപ്പ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് സുപ്രീംകോടതി ഉത്തരവുപ്രകാരം ഫെഡറേഷനെ നിയന്ത്രിക്കാൻ താൽക്കാലിക ഭരണസമിതിയെ നിയമിച്ചിരുന്നു. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ് വൈ ഖുറേഷിയും ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലിയുമായിരുന്നു ഈ കമ്മിറ്റിയിലെ അംഗങ്ങൾ. മെയ് മാസം മുൻ ജഡ്ജി അനിൽ ആർ ദവേയെ കമ്മിറ്റി തലവനായും സുപ്രീംകോടതി നിയമിച്ചു.
ആഗസ്തിൽ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതി നിർദേശം നൽകി. അതേസമയം, പ്രഫുൽപട്ടേൽ ഫിഫയുമായി ഒത്തുകളിച്ച് അണ്ടർ 17 വനിതാ ലോകകപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് താൽക്കാലിക ഭരണസമിതി സുപ്രീംകോടതിയിൽ കോടതിയലക്ഷ്യഹർജി ഫയൽ ചെയ്തു. ലോകകപ്പ് നടത്തിപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ ഇടപെടുമെന്ന് സുപ്രീംകോടതി കഴിഞ്ഞ വാദംകേൾക്കലിൽ നിരീക്ഷിച്ചിരുന്നു.