ന്യൂഡൽഹി
ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കുകയെന്ന കടമ ഓരോ ഇന്ത്യക്കാരനും ഏറ്റെടുക്കേണ്ട ഘട്ടമാണിതെന്ന് എ കെ ജി ഭവനിൽ ദേശീയപതാക ഉയർത്തിയശേഷം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മതനിരപേക്ഷത, ഫെഡറലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഇന്ന് വലിയതോതിൽ വെല്ലുവിളിക്കപ്പെടുകയാണ്. ഇതിനെതിരായി ജാഗ്രതയോടെ നിലയുറപ്പിക്കേണ്ടതുണ്ട്.
പ്രധാനമന്ത്രി സ്വാതന്ത്ര്യപ്രസംഗത്തിൽ ചില വാഗ്ദാനങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാവർക്കും വീട്, കർഷകർക്ക് സംരക്ഷണം തുടങ്ങി മുൻവാഗ്ദാനങ്ങൾ എവിടെയെത്തിയെന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. അഴിമതിക്കെതിരെ അദ്ദേഹം പറഞ്ഞു. ദേശീയപതാക പോളിസ്റ്റർ തുണിയിലും ആകാമെന്ന ഭേദഗതി അദ്ദേഹം കൊണ്ടുവന്നു. ആർക്കാണ് അതിന്റെ ഗുണമെന്ന് എല്ലാവർക്കും അറിയാം–- യെച്ചൂരി പറഞ്ഞു.
പൊളിറ്റ്ബ്യൂറോ അംഗങ്ങളായ തപൻ സെൻ, നീലോൽപ്പൽ ബസു തുടങ്ങിയവരും എ കെ ജി ഭവനിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കാളികളായി. വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാന കമ്മിറ്റി ഓഫീസുകളിലടക്കം എല്ലാ പാർടി ഓഫീസുകളിലും തിങ്കളാഴ്ച ദേശീയപതാക ഉയർത്തി. കൊൽക്കത്തയിൽ ബിമൻ ബസുവും ചെന്നൈയിൽ മുതിർന്ന നേതാവ് എൻ ശങ്കരയ്യയും ദേശീയപതാക ഉയർത്തി.