ന്യൂഡൽഹി
രാജ്യത്ത് ക്രിസ്ത്യൻ മതവിശ്വാസികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ ആസൂത്രിത ആക്രമണങ്ങൾ നടക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ആക്രമണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു രൂപത ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ ഉൾപ്പെടെയുള്ളവർ നല്കിയ പൊതുതാൽപ്പര്യ ഹർജിയില്‍ എതിർ സത്യവാങ്മൂലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവകാശവാദം.
‘വ്യാജമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. നിക്ഷിപ്തതാൽപ്പര്യം അനുസരിച്ച് തയ്യാറാക്കിയിട്ടുള്ള ചില റിപ്പോർട്ടിന്റെയും മറ്റും അടിസ്ഥാനത്തിലാണ് ഇത്. ഹർജിയിൽ നിറയെ അനുമാനങ്ങളാണുള്ളത്’–- ആഭ്യന്തരമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞു. ചൊവ്വാഴ്ച ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ ആഭ്യന്തരമന്ത്രാലയം എതിർ സത്യവാങ്മൂലം സമർപ്പിച്ചത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത് കോടതി 25ലേക്ക് മാറ്റി.
കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്ത്യൻ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും എതിരായ അതിക്രമങ്ങളുടെ എണ്ണം കാര്യമായി വർധിച്ചിട്ടുണ്ടെന്നും പൊലീസും അധികാരികളും മൂകസാക്ഷികളാണെന്നും ഹർജിക്കാർ പറയുന്നു. അതിക്രമം തടയാൻ കോടതി വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടു.