ക്രൈസ്റ്റ്ചർച്ച്
ഐപിഎൽ 2011 സീസണിനിടെ രാജസ്ഥാൻ റോയൽസ് ഉടമകളിലൊരാൾ മുഖത്തടിച്ചുവെന്ന വെളിപ്പെടുത്തലുമായി ന്യൂസിലൻഡ് മുൻ ക്രിക്കറ്റ് താരം റോസ് ടെയ്-ലർ. ടെയ്-ലറുടെ ആത്മകഥയായ ‘റോസ് ടെയ്-ലർ: ബ്ലാക്ക് ആൻഡ് വെെറ്റ്’ എന്ന പുസ്തകത്തിലാണ് പരാമർശം.
‘‘കിങ്സ് ഇലവൻ പഞ്ചാബുമായുള്ള മത്സരത്തിനുശേഷമായിരുന്നു സംഭവം. 195 റണ്ണായിരുന്നു ലക്ഷ്യം. ഞാൻ എൽബിഡബ്ല്യുവിൽ കുരുങ്ങി പൂജ്യത്തിന് പുറത്തായി. അതിനുശേഷം ഹോട്ടലിൽവച്ച് രാജസ്ഥാൻ റോയൽസ് ടീമിന്റെ ഉടമകളിലൊരാൾ എന്നോട് ഇങ്ങനെ പറഞ്ഞു. ‘റോസ് പൂജ്യത്തിന് പുറത്തായതിന് ഞങ്ങൾ നിങ്ങൾക്ക് മില്യൺ ഡോളറുകൾ പ്രതിഫലം തരില്ല’. ശേഷം മൂന്നുനാലുതവണ അയാൾ എന്റെ മുഖത്തടിച്ചു. ചിരിച്ചുകൊണ്ട്, അത്രയധികം ശക്തിയോടെയൊന്നുമല്ലായിരുന്നു അടികൾ. പക്ഷേ, അത് പൂർണമായും തമാശയായിരുന്നില്ല എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. ആ സാഹചര്യത്തിൽ ഞാനത് പ്രശ്നമാക്കിയില്ല. ആ സമയം അന്നത്തെ ക്യാപ്റ്റൻ ഷെയ്ൻ വോൺ ഉൾപ്പെടെ അവിടെയുണ്ടായിരുന്നു’’– ടെയ്ലർ എഴുതി.