അരൂർ> ക്ഷേത്രത്തിൽനിന്ന് മോഷണംപോയ പഞ്ചലോഹവിഗ്രഹം സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കണ്ടെടുത്തു. അരൂർ കാർത്യായനി ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞശാലയിൽ മണ്ഡപത്തിൽ പ്രതിഷ്ഠിച്ച ശ്രീകൃഷ്ണ വിഗ്രഹമാണ് കഴിഞ്ഞരാത്രിയിൽ മോഷണംപോയത്. അരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളി പുലർച്ചെ ക്ഷേത്രം ജീവനക്കാരനാണ് വിഗ്രഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു.
മുമ്പും കാണിക്കവഞ്ചിയും നിലവിളക്കുകളും ക്ഷേത്രത്തിൽനിന്നും മോഷണം പോയിട്ടുണ്ട്. ക്ഷേത്രത്തിന്റ ചുറ്റുമതിൽ ചാടിക്കടന്ന് സമൂഹവിരുദ്ധരും കഞ്ചാവുസംഘങ്ങളും ക്ഷേത്ര കുളപ്പുരയിലും പരിസരത്തും താവളമാക്കുന്നതായി ആക്ഷേപമുണ്ട്. ക്ഷേത്രപരിസരത്ത് അടിയന്തരമായി സിസിടി ക്യാമറകൾ സ്ഥാപിക്കുകയും ചുറ്റുമതിലുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.