ഇടുക്കി> പദ്ധതി പ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ ഇടുക്കി ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. വെള്ളി രാവിലെ മുതൽ ജലനിരപ്പ് 2387.04 അടിയാണ്. ഇടുക്കിയിൽ മൂന്ന് ഷട്ടർ തുറന്നു തന്നെ. സംഭരണ ശേഷിയുടെ 81.67 ശതമാനമുണ്ട്. ചെറുതോണി രണ്ട്, മൂന്ന്, അഞ്ച് ഷട്ടറുകൾ തുറന്ന് 100 ക്യുമെക്സ് (സെക്കൻഡിൽ ലക്ഷം ലിറ്റർ) വെള്ളം പെരിയാറിലൂടെ ഇപ്പോഴും ഒഴുക്കുന്നുണ്ട്. മുല്ലപ്പെരിയാർ അടച്ചാൽ ചെറുതോണി ഷട്ടർ താഴ്ത്തുകയോ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്യും. റൂൾകർവ് 2386.81 അടിയാണ്.
പദ്ധതി പ്രദേശത്ത് 10.6 മില്ലീ മീറ്റർ മഴ പെയ്തു. മൂലമറ്റത്ത് കഴിഞ്ഞദിവസം 17.57 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ദിവസം 240.07 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകി എത്തുമ്പോൾ ഉൽപാദനശേഷം 117.73 ലക്ഷം ഘനമീറ്ററും സ്പിൽവേയിലൂടെ 127.70 ലക്ഷം ഘനമീറ്ററും ഒഴുകിപ്പോകുന്നുണ്ട്. മുല്ലപ്പെരിയാറിലെ ഏഴ് ഷട്ടറുകൾ അടച്ചതിനാൽ അവിടെനിന്നും ഇടുക്കിയിലേക്കുള്ള വെള്ളത്തിനും കുറവുണ്ട്.