കൊച്ചി> ദേശീയപാതയിലെ കുഴികൾക്കു കാരണം നിർമ്മാണത്തിലെ അപാകതകൾ എന്നു തുറന്നു സമ്മതിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കുഴികൾ അടക്കുന്നതിന് കരാറുകാർക്ക് ഉത്തരവാദിത്തമുണ്ടെന്നും അത് ചെയ്യുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി കൊച്ചിയിൽ വാർത്താലേഖകരോടു പറഞ്ഞു.
ഇടപ്പള്ളി–-മണ്ണൂത്തി ദേശീയപാത നിർമ്മാണത്തിൽ ഒത്തിരി അപാകതകൾ സംഭവിച്ചിട്ടുണ്ട്. ഈ ഭാഗത്താണ് പ്രതിദിനം 72000 വലിയ വാഹനങ്ങൾ കടന്നുപോകുന്നതും. അതനസരിച്ചുള്ള വീതി ഇല്ല. കുഴികൾ അടയ്ക്കാനുള്ള മിശ്രിതം ചെറിയ ചാക്കിലാണു ലഭ്യമാകുന്നതെന്നും അതിൽ മാധ്യമങ്ങൾ തെറ്റു കാണേണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടപ്പള്ളി–-മണ്ണൂത്തി ദേശീയപാത നിർമ്മാണ അഴിമതിയെക്കുറിച്ചുള്ള സിബിഐ കുറ്റപത്രം ഉദ്യോഗസ്ഥരെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. തുടർന്നുള്ള അന്വേഷണത്തിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ ഉൾപ്പെടുത്താവുന്നതാണെന്നു മാത്രമായിരുന്നു മറുപടി.