തിരുവനന്തപുരം> കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയറ്റ് അസോസിയേഷനിൽ അടിതുടരുന്നു. സംഘടന പിടിക്കാനുള്ള പോര് കോടതിയിലും എത്തി. പ്രശ്നം പരിഹരിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ നടക്കുന്ന ഒത്തുതീർപ്പ് ചർച്ചകൾ പച്ചതൊട്ടില്ല. കോൺഗ്രസിലെ ചില ‘ഉന്നതർ’ സംഘടന ഹൈജാക്ക് ചെയ്യാൻ പിന്നണിയിൽ കളിക്കുന്നതാണ് അടിമൂർച്ഛിക്കാനുള്ള പ്രധാന കാരണം.സുധാകരൻ വിളിച്ച ചർച്ചയിൽ ഇരുകൂട്ടരോടും രമ്യതയിൽ എത്താൻ നിർദേശിച്ചിരുന്നു.
എന്നാൽ, ഇരുവിഭാഗവും നിർദേശം തള്ളി. ഭാരവാഹികളെയും കമ്മിറ്റിയെയും പ്രഖ്യാപിച്ചു. ഈ നിലപാടുമായി മുന്നോട്ടുപോയാൽ സംഘടനാവിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നൽകി. ഇതും അവഗണിച്ച് മുന്നോട്ടുപോകുകയാണ് ഇരുവിഭാഗവും. ഇതിനിടെ തെരഞ്ഞെടുപ്പിനും സമിതിക്കും അംഗീകാരം തേടി ഒരുവിഭാഗം മുൻസിഫ് കോടതിയെ സമീപിച്ചു. എന്നാൽ, തങ്ങളുടെ അഭിപ്രായംകൂടി കേൾക്കണമെന്ന് മറുഭാഗം ആവശ്യപ്പെട്ടു. കേസ് മാറ്റി.
സമ്മേളനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഭാരവാഹികളെ പ്രഖ്യാപിക്കാൻ ഔദ്യോഗിക പക്ഷം തയ്യാറാകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. അഴിമതിയാരോപണത്തിൽ വിജിലൻസ് അന്വേഷണം നേരിടേണ്ടിവന്ന നേതാവാണ് വിമതപക്ഷത്തിന് നേതൃത്വം നൽകുന്നത്. സംഘടനാ നടപടിയെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ഇദ്ദേഹത്തിന് മത്സരിക്കാനായിരുന്നില്ല. സംഘടനയിൽ തിരിച്ചെത്തിയതോടെയാണ് വിമതപക്ഷം പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പ് മന്നം ഹാളിൽ ചേർന്ന ഗ്രൂപ്പ് യോഗത്തിൽ ഇവർ എം എസ് ഇർഷാദ് പ്രസിഡന്റായ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. സെക്രട്ടറിയറ്റിലെ അസോസിയേഷൻ ഓഫീസ് കയ്യേറാൻ ശ്രമിച്ചതോടെ ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയിരുന്നു.
ഇതിനിടെ ഔദ്യോഗിക പക്ഷം തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോയി. ആകെയുള്ള 18 സ്ഥാനത്തേക്ക് 63 പേർ ഔദ്യോഗിക ക്യാമ്പിൽനിന്ന് നാമനിർദേശം നൽകിയിരുന്നു. ഇവരിൽ പലരെയും സ്വാധീനിച്ച് ഔദ്യോഗിക പക്ഷം നാമനിർദേശം പിൻവലിപ്പിച്ചു. ഇതോടെ ഔദ്യോഗിക പക്ഷത്തെ മുഴുവനാളുകളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി പ്രഖ്യാപിച്ചു. എം എസ് ജ്യോതിഷ് പ്രസിഡന്റും സി എസ് ശരത്ചന്ദ്രൻ ജനറൽ സെക്രട്ടറിയുമായാണ് ഔദ്യോഗിക പക്ഷത്തിന്റെ കമ്മിറ്റി.ഏതെങ്കിലും വിഭാഗത്തെ പിന്തുണയ്ക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന പരിതാപകരമായ നിലപാടിലാണിപ്പോൾ കോൺഗ്രസ് നേതൃത്വം.