തിരുവനന്തപുരം> ഡോ. കെകെ ജോര്ജ്ജിന്റെ വിയോഗം വൈജ്ഞാനിക ലോകത്തിനും കേരളത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് മന്ത്രി പി രാജീവ്.സാമ്പത്തിക ശാസ്ത്രത്തില് തലയെടുപ്പോടെ ഉയര്ന്നുനിന്ന ഒരു ധൈഷണികാനുഭവം എന്നെന്നേക്കുമായി നഷ്ടമായിരിക്കുന്നു. കൊച്ചി സര്വ്വകലാശാല, സെന്റര് ഫോര് ഡെവലപ്മെന്റ് സ്റ്റഡീസ്, സെന്റര് ഫോര് സോഷ്യോ ഇക്കണോമിക് ആന്ഡ് എന്വയോണ്മെന്റല് സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങളില് ഗവേഷണം നടത്തുകയും അവയെ നയിക്കുകയും ചെയ്തതിലൂടെ അദ്ദേഹം വരച്ചിട്ട മാതൃക അന്യാദൃശമാണ്.
കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്, സംസ്ഥാന ധനകാര്യത്തിലെ പ്രവണതകള്, വികസനത്തിലെ കേരള മാതൃക, വിദ്യാഭ്യാസ മേഖല എന്നിങ്ങനെ ഡോ.ജോര്ജ്ജിന്റെ കരസ്പര്ശമേറ്റ ഗവേഷണ മേഖലകളത്രയും നവംനവങ്ങളായ ആശയങ്ങളാല് സമ്പന്നമാക്കപ്പെട്ടു.
അമേരിക്കയിലെ മെരിലാന്ഡ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലും സെന്റര് ഫോര് ഫെഡറലിസത്തിലും സീനിയര് ഫുള്ബ്രൈറ്റ് ഫെല്ലോ എന്നതു മുതല് സംസ്ഥാന എക്സ്പെന്ഡിച്ചര് കമ്മീഷന് അംഗം എന്നതുവരെ അക്കാദമിക്/ഗവേഷണ/ ഭരണ മേഖലകളില് അദ്ദേഹം വഹിച്ച പദവികള് വിസ്താര ഭയത്താല് സൂചിപ്പിക്കുന്നില്ല. വിദ്യാര്ത്ഥി സംഘടനാ കാലത്താരംഭിക്കുന്നതാണ് ജോര്ജ്ജ് സാറുമായുള്ള ബന്ധമെന്നും പി രാജീവ് അനുശോചനക്കുറിപ്പില് പറഞ്ഞു.