തിരുവനന്തപുരം
വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണ് സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച കമീഷനുകളുടെ ഇടക്കാലറിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ പ്രാരംഭ കൂടിയാലോചനകൾ ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയ വൈജ്ഞാനിക സമൂഹമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. ജാഗ്രതയോടെയും ഉത്തരവാദിത്വബോധത്തോടെയും ഇതിനെ കാണണമെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷനുകളുടെ റിപ്പോർട്ടുകളിന്മേലുള്ള പ്രാഥമിക പൊതുചർച്ചയും കൂടിയാലോചനയും സമാപിച്ചു.
റിപ്പോർട്ടുകളിൽ
3 ആഴ്ച ചർച്ച
ഉന്നത വിദ്യാഭ്യാസ മേഖല അടിമുടി പരിഷ്കരിക്കുന്നതിന് മൂന്ന് കമീഷൻ സമർപ്പിച്ച റിപ്പോർട്ടുകളിൽ അടുത്ത മൂന്ന് ആഴ്ച സർവകലാശാലകളിൽ ചർച്ച നടത്തും. തുടർന്ന് സംസ്ഥാനതലത്തിൽ വിപുലമായ ചർച്ചനടത്തി തീരുമാനങ്ങൾ ക്രോഡീകരിക്കും. വ്യത്യസ്ത അഭിപ്രായങ്ങളിൽ കൂടുതൽ ചർച്ച നടത്തും. സർക്കാരിന്റെ നയങ്ങളെ ബാധിക്കാത്ത നിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കും.
സ്വകാര്യ നിക്ഷേപം വാർത്ത തെറ്റിദ്ധാരണാജനകം
സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ സ്വകാര്യ നിക്ഷേപത്തിന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ ശുപാർശ ചെയ്തെന്ന തരത്തിലുള്ള വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്ന് കമീഷൻ വൃത്തങ്ങൾ അറിയിച്ചു. സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഭാവനാഫണ്ടുകൂടി അടിസ്ഥാന സൗകര്യവികസനത്തിന് പ്രയോജനപ്പെടുത്തണമെന്നാണ് കമീഷൻ നിർദേശിച്ചത്. കമ്പനികളുടെ സിഎസ്ഐആർ ഫണ്ട്, പ്രമുഖരുടെ സ്മരണയ്ക്കായി അവരുടെ കുടുംബത്തിൽനിന്ന് സംഭാവന സ്വീകരിച്ച് കെട്ടിട നിർമാണം തുടങ്ങിയവയാണ് കമീഷൻ നിർദേശിച്ചത്. മദ്രാസ് ഐഐടിയിലടക്കം രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഇത്തരം സംഭാവനകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.