തിരുവനന്തപുരം
സർവകലാശാലകൾ കൈപ്പിടിയിലൊതുക്കാൻ നിയമന മാനദണ്ഡങ്ങളിലും മാറ്റംവരുത്തി കേന്ദ്ര സർക്കാർ. ബിജെപി ഇതര സംസ്ഥാനങ്ങളിൽ ചാൻസലർമാരായ ഗവർണർമാർ വഴി സർവകലാശാല പിടിക്കാനുള്ള ശ്രമം ഒരുവഴിക്ക് തുടരവേയാണ് വേണ്ടപ്പെട്ടവരെ കുത്തിനിറയ്ക്കാൻ മാനദണ്ഡങ്ങളിലും മാറ്റംവരുത്തുന്നത്. മറ്റു പല മേഖലയിലും ഉള്ളതുപോലെ ദീർഘകാല പദ്ധതി സർവകലാശാലകളിലും നടപ്പാക്കുകയാണ് ബിജെപി.
വൈസ് ചാൻസലർമാർ വഴി ഇഷ്ടമുള്ളവരെ അധ്യാപകരായി അഭിമുഖങ്ങളിൽ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പുതിയ മാനദണ്ഡം. നേരത്തേ യോഗ്യതയ്ക്കുള്ള വെയിറ്റേജായി 75 മാർക്ക്, ഇന്റർവ്യൂ ബോർഡിന് 25 മാർക്ക് എന്ന രീതിയായിരുന്നു യുജിസിക്ക് ഉണ്ടായിരുന്നത്. ഏറ്റവും കൂടുതൽ മാർക്കുള്ള ഏതാനുംപേർ മാത്രം അഭിമുഖത്തിന് എത്തുന്നവിധത്തിൽ ഈ സംവിധാനം അക്കാദമിക് നിലവാരം ഉറപ്പുവരുത്തിയിരുന്നു. ഫസ്റ്റ് ക്ലാസ്, ഗവേഷണ പ്രസിദ്ധീകരണം, നെറ്റ് –- പിഎച്ച്ഡി തുടങ്ങിയവയ്ക്ക് വെയിറ്റേജ് കൂട്ടിയാണ് 75 മാർക്ക്. ബാക്കി 25ൽ 15 വിഷയ വിദഗ്ധർക്കും 10 മാർക്ക് സർവകലാശാലയാണെങ്കിൽ സിൻഡിക്കറ്റ് പ്രതിനിധിക്കും മാനേജ്മെന്റാണെങ്കിൽ അവർക്കും നൽകാം. ഈ സംവിധാനത്തിലൂടെ യോഗ്യതയില്ലാത്തവരെ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ, സംഘപരിവാർ താൽപ്പര്യത്തിൽ ഈ രീതി മാറ്റി.
യോഗ്യതാ പരീക്ഷകൾ വിജയിച്ചതുൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു നൽകുന്ന 50 മാർക്ക് മാത്രമാണ് ഇപ്പോൾ അഭിമുഖത്തിൽ പങ്കെടുക്കാനുള്ള മാനദണ്ഡം. ഇതുമൂലം എത്രപേരെ വേണമെങ്കിലും അഭിമുഖത്തിന് വിളിക്കാം. ഏറ്റവും കൂടുതൽ മാർക്കിന് അർഹരായവരും കടന്നുകൂടിയവരും ഇന്റർവ്യു ബോർഡിനു മുന്നിൽ തുല്യരായി എത്തും. വൈസ് ചാൻസലർ തീരുമാനിക്കുന്ന ആളെ തെരഞ്ഞെടുക്കാനുമാകും. കേരളത്തിൽ വിസിമാരുടെയും നിയമനത്തിന്റെയും പേരിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവർ സംഘപരിവാറിന്റെ ഇത്തരം കളികളെക്കുറിച്ച് നിശ്ശബ്ദരാണ്.