ന്യൂഡൽഹി
ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതാണ് ബിഹാറിലെ തിരിച്ചടി. ഇതിന്റെ പ്രത്യാഘാതം ബിഹാറിൽ ഒതുങ്ങില്ല.
അയൽ സംസ്ഥാനമായ ജാർഖണ്ഡിലെ ജെഎംഎം– -ആർജെഡി– -കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തിവന്ന ശ്രമത്തിന് തടയിടുന്നതാണ് ബിഹാറിലെ ഭരണമാറ്റം. ജെഎംഎമ്മിനെ സമ്മർദത്തിലാക്കിയും കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കുവാങ്ങിയും ജാർഖണ്ഡ് സർക്കാരിനെ വീഴ്ത്താൻ ബിജെപി തയ്യാറാക്കിയ പദ്ധതിപദ്ധതി താൽക്കാലികമായെങ്കിലും ഉപേക്ഷിക്കേണ്ടിവരും.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ തനിച്ച് മത്സരിക്കേണ്ടിവരുന്നത് ബിജെപിയെ അസ്വസ്ഥരാക്കും. 40 ലോക്സഭാ സീറ്റുള്ള ബിഹാറിൽ 2019ലെ നില ബിജെപി– -17, ജെഡിയു– 16, എൽജെപി–- ആറ് എന്നായിരുന്നു. രാം വിലാസ് പസ്വാന്റെ മരണത്തോടെ എൽജെപി പിളർന്ന് ദുർബലമായി. മഹാസഖ്യത്തിൽ ജെഡിയു അംഗമായതോടെ ബിഹാറിലെ പിന്നാക്ക, അതി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ ഒന്നടങ്കം ബിജെപിയെ കൈയൊഴിയുന്ന സ്ഥിതിയാകും.
ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികം പ്രതീക്ഷയില്ല. ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള കർണാടകത്തിൽ അടക്കം ബിജെപി പ്രതിസന്ധിയിലാണ്. ഉത്തരേന്ത്യയെയും ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയും കൂടുതലായി ആശ്രയിച്ച് 2024ൽ മത്സരിക്കേണ്ടിവരും. മഹാരാഷ്ട്രയിൽ ഭരണം തിരിച്ചുപിടിച്ചെങ്കിലും കാര്യങ്ങൾ പന്തിയല്ല. ഗുജറാത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്.
ജെഡിയുവിന്റെ അഞ്ച് അംഗങ്ങൾകൂടി പ്രതിപക്ഷത്ത് ചേരുന്നതോടെ രാജ്യസഭയിൽ ബിജെപിയുടെ സ്ഥിതി കൂടുതൽ മോശമാകും. എഐഎഡിഎംകെ, വൈഎസ്ആർ കോൺഗ്രസ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾ എന്നിവയെ കേന്ദ്രഭരണം ഉപയോഗിച്ച് വിരട്ടിയാണ് ബിജെപി കൂടെ നിർത്തുന്നത്. രാഷ്ട്രീയസ്ഥിതിഗതികളിലെ മാറ്റം ബിജെപിയുടെ ഇത്തരം തന്ത്രങ്ങളെയും ദുർബലമാക്കും.