ന്യൂഡൽഹി
ഭീമാകൊറേഗാവ് കേസിലെ പ്രതിയും വിപ്ലവകവിയും സാമൂഹ്യപ്രവർത്തകനുമായ പി വരവര റാവുവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങൾ അലട്ടുന്ന എൺപത്തിരണ്ടുകാരനായ വരവര റാവുവിന് ചികിത്സ തേടാനാണ് ജാമ്യം അനുവദിച്ചത്. കേന്ദ്രസർക്കാർ ശക്തമായി എതിർത്തെങ്കിലും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗബെഞ്ച് ജാമ്യം അനുവദിക്കാതിരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി. പ്രായം, ആരോഗ്യസാഹചര്യം, രണ്ടരവർഷമായി അദ്ദേഹം തടവിലാണെന്ന വസ്തുത തുടങ്ങിയ ഘടകങ്ങൾ കോടതി പരിഗണിച്ചു.
ചികിത്സയ്ക്കായി സ്ഥിരം ജാമ്യം അനുവദിക്കണമെന്ന വരവരറാവുവിന്റെ ഹർജി തള്ളിയ ബോംബെ ഹൈക്കോടതി മൂന്ന് മാസത്തിനുള്ളിൽ കീഴടങ്ങാനും നിർദേശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി, ജാമ്യകാലാവധി മൂന്ന് മാസമായി ചുരുക്കിയ നിർദ്ദേശം റദ്ദാക്കി. വരവര റാവുവിന് ആവശ്യമായ ചികിത്സ തേടാമെന്നും അതിന്റെ വിശദാംശങ്ങൾ അധികൃതരെ അറിയിച്ചാൽ മതിയെന്നും സുപ്രീംകോടതി നിർദേശിച്ചു. വിചാരണക്കോടതിയുടെ മുൻകൂർഅനുമതി കൂടാതെ ഗ്രേയ്റ്റർ മുംബൈ പരിധി വിടരുത്, ജാമ്യം ദുരുപയോഗം ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണം തടസ്സപ്പെടുത്തരുത് തുടങ്ങിയ ഉപാധികളുണ്ട്.
16 പ്രതികളുള്ള കേസിൽ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. വിചാരണ പൂർത്തിയാക്കാൻ 10 വർഷമെങ്കിലും വേണ്ടിവരും. അതുവരെ വിചാരണ കൂടാതെ തടവിൽ കഴിഞ്ഞാൽ ഫാദർ സ്റ്റാൻസ്വാമിയെ പോലെ തന്റെ കക്ഷിയും ജയിലിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ആനന്ദ്ഗ്രോവർ വാദിച്ചു. എന്നാൽ, യുഎപിഎ കേസുകളിൽ പ്രായമോ രോഗമോ കണക്കിലെടുക്കേണ്ടതില്ലെന്ന് അഡീഷണൽ സോളിസിറ്റർജനറൽ എസ് വി രാജു പറഞ്ഞു. എന്നാൽ, യുഎപിഎ കേസുകളിലും ഭരണഘടനാകോടതികൾക്ക് ബോധ്യപ്പെട്ടാൽ ജാമ്യം അനുവദിക്കാറുണ്ടെന്ന വിശദീകരണത്തോടെ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.