കൊച്ചി
നിര്ത്തിവച്ച ബിപിസിഎൽ വിൽപ്പന വൈകാതെ പുനരാരംഭിക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിനുപിന്നാലെ സമരം ശക്തമാക്കാൻ കൊച്ചി റിഫൈനറി സംരക്ഷണസമിതി. സ്ഥിതിഗതി വിലയിരുത്തി ഉചിത സമയത്ത് വിൽപ്പന നടപടി പുനരാരംഭിക്കുമെന്നാണ് കേന്ദ്ര ധനസഹമന്ത്രി ഭഗവത് കൃഷ്ണറാവു കരാട് കഴിഞ്ഞദിവസം ലോക്സഭയെ അറിയിച്ചത്. വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച കമ്പനികൾ പിൻമാറിയതിനാൽ 2020 മാർച്ചിൽ ആരംഭിച്ച വിൽപ്പന നടപടികൾ കഴിഞ്ഞ മേയിൽ കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നു.
താൽപ്പര്യപത്രങ്ങൾ റദ്ദാക്കി വിൽപ്പനനടപടി അവസാനിപ്പിച്ചതിനെ തുടർന്ന്, രണ്ടുവർഷത്തിലേറെ നീണ്ട സമരപരിപാടികൾ റിഫൈനറി സംരക്ഷണസമിതി തൽക്കാലം നിര്ത്തിവച്ചിരിക്കുകയാണ്. എന്നാൽ, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള കൺവീനറും ബെന്നി ബഹനാൻ എംപി ചെയർമാനുമായ സമിതിയുടെ കൺവൻഷനുകൾ നടക്കുന്നുണ്ട്. വിൽപ്പന താൽക്കാലികമായാണ് നിര്ത്തിവച്ചിട്ടുള്ളതെന്ന് സമിതി വിലയിരുത്തിയിരുന്നു.
കോർപറേറ്റ് താൽപ്പര്യങ്ങൾ കൂടുതൽ സംരക്ഷിച്ചുള്ള വിൽപ്പന നടപടികൾ കേന്ദ്ര സർക്കാർ തുടരുമെന്നും ബിപിസിഎല്ലിനെ വിഭജിച്ച് വിൽക്കാനോ ഓഹരികൾ ഭാഗികമായി വിൽക്കാനോ ആകും അടുത്ത നീക്കമെന്നുമാണ് സമിതി വിലയിരുത്തിയിട്ടുള്ളത്. കേന്ദ്ര തീരുമാനം വരുന്നമുറയ്ക്ക് സമരപരിപാടികൾ പ്രഖ്യാപിക്കും.
കോവിഡിന്റെയും ആഗോള സാമ്പത്തിക, രാഷ്ട്രീയ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് വിൽപ്പന നടപടികളിൽനിന്ന് സർക്കാർ പിൻമാറിയതെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. താൽപ്പര്യപത്രം നൽകിയ കമ്പനികൾ വിൽപ്പന നടപടികൾ തുടരാനാഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരി വിൽപ്പനയ്ക്കുള്ള നടപടികൾ തുടക്കംമുതൽ വേണ്ടത്ര പ്രതികരണമുണ്ടാക്കിയില്ലെന്നതാണ് യാഥാർഥ്യം.
താൽപ്പര്യപത്രം സമർപ്പിക്കാനുള്ള തീയതി പലതവണ മാറ്റി. 2021 നവംബർ 16നായിരുന്നു ഒടുവിലത്തെ അവസാന തീയതി. യോഗ്യരായ മൂന്നു കമ്പനികൾമാത്രമാണ് താൽപ്പര്യപത്രം നൽകിയത്. വേദാന്ത ഗ്രൂപ്പ്, അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ്, ഐ സ്ക്വയർ കാപ്പിറ്റൽ അഡ്വൈസേഴ്സ് എന്നിവയായിരുന്നു അത്. ഇന്ധനവില നിശ്ചയിക്കുന്നതിലെ വ്യവസ്ഥകളിൽ അതൃപ്തി പ്രകടിപ്പിച്ച് രണ്ടു കമ്പനികൾ പിന്നീട് പിൻമാറി. അതോടെ വിൽപ്പനനടപടി തുടരാനാകാത്തസ്ഥിതിയായി. തുടർന്നാണ് കേന്ദ്രസർക്കാർ താൽക്കാലികമായി പിൻവാങ്ങിയത്.