ചെന്നൈ
ചെസ് ഒളിമ്പ്യാഡിൽ ഒറ്റക്കളിയും തോൽക്കാതെ മലയാളിയായ നിഹാൽ സരിന് സ്വർണം. രണ്ടാം ബോർഡിലെ മികച്ച പ്രകടനത്തിനാണ് വ്യക്തിഗത മെഡൽ. ഇന്ത്യൻ ബി ടീമിന് വെങ്കലം നേടാൻ പതിനെട്ടുകാരന്റെ മികവ് തുണയായി. 10 കളിയിൽ അഞ്ചുവീതം ജയവും സമനിലയുമാണ്.
അവസാന മത്സരത്തിൽ ജർമനിയുടെ ബ്യൂറോം മത്യാസിനെ കീഴടക്കി. ഒരു കളിയിൽമാത്രമാണ് നിഹാൽ ഇറങ്ങാതിരുന്നത്. ഒന്നാം ബോർഡിലെ മികവിന് ഡി ഗുകേഷിന് സ്വർണമുണ്ട്. മൂന്നാം ബോർഡിൽ അർജുൻ എറിഗെയ്സി വെള്ളി നേടി. നാല് വെങ്കലം അടക്കം ഇന്ത്യൻ താരങ്ങൾ ഏഴ് വ്യക്തിഗത മെഡലുകൾ സ്വന്തമാക്കി.
തൃശൂരിലെ ഡോക്ടർ ദമ്പതികളായ സരിന്റെയും ഷിജിന്റെയും മകനാണ് നിഹാൽ. ടീമിന്റെ പ്രകടനത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നിഹാൽ പറഞ്ഞു. ഇന്ത്യൻ എ ടീമിലെ പ്രധാന കളിക്കാരനായിരുന്നു മറ്റൊരു മലയാളിയായ തിരുവനന്തപുരത്തുകാരൻ എസ് എൽ നാരായൺ. എട്ട് കളിയിൽ നാല് ജയവും മൂന്ന് സമനിലയും ഒരു തോൽവിയും. അവസാന മത്സരത്തിൽ അമേരിക്കയുടെ സാം ഷംഗ്ലാൻഡിനോടാണ് തോറ്റത്.