ചെന്നൈ
അവസാന മത്സരത്തിൽ അമേരിക്കയോട് തോറ്റ ഇന്ത്യയുടെ വനിതാ എ ടീം സ്വർണം കൈവിട്ട് വെങ്കലത്തിൽ ഒതുങ്ങി. ഓപ്പൺ വിഭാഗത്തിൽ യുവനിര അണിനിരന്ന ഇന്ത്യൻ ബി ടീം വെങ്കലം നേടി. മലയാളി താരം നിഹാൽ സരിൻ ഈ ടീമിലുണ്ട്. പതിനൊന്നാം റൗണ്ടിൽ ജർമനിയെ 3–-1ന് തോൽപ്പിച്ച് 18 പോയിന്റോടെയാണ് നേട്ടം. നിഹാൽ സരിനും റോണക് സധ്വാനിയും വിജയംകണ്ടു. ഡി ഗുകേഷിനും ആർ പ്രഗ്യാനന്ദക്കും സമനിലയാണ്. നെതലർലൻഡ്സിനെ തോൽപ്പിച്ച ഉസ്ബെകിസ്ഥാനാണ് സ്വർണം. സ്പെയ്നിനെ കീഴടക്കി അർമേനിയ വെള്ളി സ്വന്തമാക്കി. രണ്ട് ടീമുകൾക്കും 19 പോയിന്റാണ്. ഗെയിം പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഉസ്ബെകിന്റെ യുവനിര ജേതാക്കളായി.
ഇന്ത്യൻ എ ടീം അമേരിക്കയോട് സമനിലയായി (2–-2). അർജുൻ എറിഗെയ്സി മാത്രമാണ് ജയിച്ചത്. മലയാളി എസ് എൽ നാരായണൻ ആദ്യമായി തോറ്റു. പി ഹരികൃഷ്ണയും വിജിത് ഗുജറാത്തിയും സമനില നേടി. 17 പോയിന്റുള്ള ഇന്ത്യ എ ടീം നാലാമതായി. ഗെയിം പോയിന്റുകളിലെ മുൻതൂക്കം ഇന്ത്യക്ക് തുണയായി. ഇന്ത്യ സി ടീം കസാക്കിസ്ഥാനോട് സമനില നേടി (2–-2). സി ടീമിന് 16 പോയിന്റാണുള്ളത് (31–ാംസ്ഥാനം)
വനിതകളിൽ ഉക്രയ്നാണ് സ്വർണം. അവസാന മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ച് 18 പോയിന്റോടെയാണ് കിരീടം. അസർബൈജാനുമായി സമനില നേടിയ ജോർജിയ 17 പോയിന്റുമായി വെള്ളി നേടി. മികച്ച ഫോമിലായിരുന്ന ഇന്ത്യയുടെ വനിതാ എ ടീമിന് അമേരിക്കയോടേറ്റ തോൽവി ഞെട്ടിക്കുന്നതാണ്. നാല് കളിയിൽ ഒന്നുപോലും ജയിക്കാനായില്ല. കൊണേരു ഹമ്പി ടോ കിർജനോവയോട് സമനില വഴങ്ങി. ആർ വൈശാലി ക്രൂഷ് ഇറിനയോടും സമനിലയായി. താനിയ സച്ദേവ് യിപ് കരിസയോട് തോറ്റത് അപ്രതീക്ഷിതമായി. ഭക്തി കുൽക്കർണി അബ്രഹാംയാൻ തദേവിനോട് പരാജയപ്പെട്ടതോടെ സ്വർണം പോയി.
എ ടീമിനും 17 പോയിന്റാണ്. ഇന്ത്യ ബി ടീം സ്ലൊവാക്യയോട് സമനില നേടി. സി ടീം കസാക്കിസ്ഥാനോട് തോറ്റു. ബി ടീം പതിനാറ് പോയിന്റോടെ എട്ടാമതായി. 15 പോയിന്റുള്ള സി ടീം പതിനേഴാമത്. ചെസ് ഒളിമ്പ്യാഡിൽ വനിതകളുടെ ആദ്യ മെഡലാണ്. ഓപ്പൺ വിഭാഗത്തിൽ രണ്ടാമത്തേതും. ആദ്യത്തേത് 2014ൽ. ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുത്ത ഒളിമ്പ്യാഡാണിത്. ഇന്ത്യ ആദ്യമായാണ് ആതിഥേയരായത്. ഓപ്പൺ വിഭാഗത്തിൽ 188 ടീമുകളും വനിതകളിൽ 162 ടീമുകളും പങ്കെടുത്തു. രണ്ട് വിഭാഗത്തിലും ഇന്ത്യക്ക് മൂന്ന് ടീമുകൾവീതം ഉണ്ടായിരുന്നു. റഷ്യയും ചൈനയും ഇക്കുറി ഒളിമ്പ്യാഡിനെത്തിയില്ല.