കൊച്ചി
നിയമലംഘനം പിടിക്കാനും അപകടങ്ങൾ കുറയ്ക്കാനും സംസ്ഥാനത്തിലെ ദേശീയപാതകളിൽ പുതുതായി 700 ക്യാമറ സ്ഥാപിക്കും. അടുത്ത ആഴ്ചയോടെ ക്യാമറ സ്ഥാപിച്ചുതുടങ്ങുമെന്ന് കേരള റോഡ് സുരക്ഷാ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി ഇളങ്കോവൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർകോടുവരെ ക്യാമറ സ്ഥാപിക്കുന്നത്.
ദേശീയപാതകളിൽ നിലവിലുള്ള ഇരുനൂറ്റമ്പതോളം ക്യാമറകൾ ഒഴിവാക്കി പുതിയവ സ്ഥാപിക്കും. കെൽട്രോണാണ് ക്യാമറ തയ്യാറാക്കുന്നത്. നിർമിതബുദ്ധിയുപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകളിലൂടെ വാഹനത്തിനുള്ളിൽ ഇരിക്കുന്നവരെ കാണാൻ കഴിയും. വാഹനത്തിലുള്ളവര് സീറ്റ് ബൽറ്റ് ധരിക്കാതിരിക്കുകയോ, മൊബൈൽ ഫോണോ ഹെഡ്സെറ്റോ ഉപയോഗിക്കുകയോ ചെയ്താൽ ക്യാമറയിൽ പതിയും. വാഹനം രണ്ട് ക്യാമറ കടന്നുപോകാനെടുക്കുന്ന സമയം കണക്കാക്കി, അമിതവേഗത്തിന് തടയിടും. ക്യാമറയിൽ വാഹനത്തിന്റെ നമ്പർ പതിയുന്നതരത്തിലാണ് ഘടിപ്പിക്കുക. ജില്ലാതല കൺട്രോൾ റൂമുകളിലാണ് ക്യാമറകളിൽനിന്നുള്ള ദൃശ്യവും വിവരങ്ങളും ലഭിക്കുക. എല്ലാ ജില്ലകളിലെയും ദൃശ്യങ്ങൾ തിരുവനന്തപുരം കൺട്രോൾ റൂമിലും ലഭിക്കും.