കൊല്ലം
വൈദ്യുതി ഉൽപ്പാദനത്തിലൂടെ മാത്രം ദിവസവും ശരാശരി 1800 രൂപ ലാഭം, ഒരു വർഷത്തെ ലാഭം 6.57 ലക്ഷം രൂപ. മുൻ ബാങ്ക് ജീവനക്കാരൻ പ്രാക്കുളം വലിയഴികം വീട്ടിൽ ജയകൃഷ്ണൻ (52) സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈടെക് ഫാമായ ചാത്തന്നൂർ ചിറക്കരത്താഴം ക്ഷേത്രത്തിനു സമീപത്തെ ജെ കെ ഫാംസിൽ ജൈവ മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്നത് വൈദ്യുതിയും പാചകവാതകവും വളവും.
ഗാർഹികാവശ്യത്തിന് വർഷം ഒമ്പതു മുതൽ -12 എൽപിജി സിലണ്ടർവരെ വാങ്ങുന്ന ചെലവ് നോക്കിയാൽ പാചകവാതക ഉൽപാദനം വഴിയുള്ള നേട്ടം ഏകദേശം 12,000 രൂപ. ആറേക്കർ ഫാമിൽനിന്ന് പാലിനു പുറമെ കൃഷിക്കായി ആദായകരവും ജൈവസമ്പുഷ്ടവുമായ സ്ലറിയും ചാണകപ്പൊടിയും ബ്രാൻഡഡ് നെയിമിൽ വിപണിയിലെത്തിച്ചും വരുമാനം നേടുന്നു. പാൽവിൽപ്പനയിലൂടെയുള്ള വരുമാനം വേറെയും.
200 പശുക്കളുള്ള തൊഴുത്താണെങ്കിലും ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ ഗന്ധം ഒട്ടുമില്ല. ഈച്ചയുടെയും കൊതുകിന്റെയും ശല്യവുമില്ല. പാലിനു പുറമെ കൃഷിക്കായി ആദായകരവും ജൈവസമ്പുഷ്ടവുമായ സ്ലറിയും ചാണകപ്പൊടിയും ബ്രാൻഡഡ് നെയിമിൽ വിപണിയിലെത്തിച്ചും വരുമാനം നേടുന്നു.
ഹോൾസ്റ്റെയിൻ, ജേഴ്സി സങ്കരയിനം കറവപ്പശുക്കളാണ് ഫാമിന്റെ പ്രത്യേകത. ചാണകത്തിൽനിന്ന് അനറോബിക് റിയാക്ഷനിലൂടെ (അന്തരീക്ഷവായുവിന്റെ അഭാവത്തിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്ന രീതി) പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന മീഥൈൻ ശുദ്ധീകരിച്ച് ജനറേറ്ററിലൂടെ കടത്തിവിട്ടാണ് വൈദ്യുതി ഉൽപ്പാദനം. ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കുന്ന ഇവിടെ 794 ക്യുബിക് മീറ്റർ അളവിലുള്ള ബയോഗ്യാസ് പ്ലാന്റാണുള്ളത്. ദിവസവും രണ്ടു ടൺ ചാണകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റ് സ്വകാര്യമേഖലയിൽ രാജ്യത്തെ എറ്റവും വലിയ രണ്ടാമത്തെ ബയോഗ്യാസ് പ്ലാന്റു കൂടിയാണ്. 1.25 കോടി രൂപ വിനിയോഗിച്ച് 2017ലാണ് പ്ലാന്റ് സ്ഥാപിച്ചത്. 15ലക്ഷം രൂപ സബ്സിഡി ലഭിച്ചു. പ്ലാന്റിൽ നിന്നുള്ള പാചകവാതകം ഉപയോഗിച്ചാണ് ഫാമിലെ 10 ജീവനക്കാർക്കുള്ള ക്യാന്റീൻ പ്രവർത്തിക്കുന്നതെന്ന് ജയകൃഷ്ണൻ. എസ്ബിടി ജീവനക്കാരനായിരുന്ന ജയകൃഷ്ണൻ ജോലി നേരത്തെ അവസാനിപ്പിച്ചാണ് സ്വപ്ന പദ്ധതിയായ ഹൈടെക് ഫാമിലേക്ക് തിരിഞ്ഞത്.