തിരുവനന്തപുരം> സ്വാതന്ത്ര്യവും സമത്വവും നേടാൻ സ്ത്രീകൾക്കാദ്യം വേണ്ടത് തൊഴിലും സുസ്ഥിര വരുമാനവുമാണെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ. 1070 സിഡിഎസ് ചെയർപേഴ്സൻമാർക്കായുള്ള റസിഡൻഷ്യൽ പരിശീലനം, ‘ചുവട് 2022’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓക്സിലറി ഗ്രൂപ്പുകൾക്ക് സബ്സിഡി നൽകി തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ സഹായങ്ങൾ നൽകുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പ്രാദേശിക തനിമയുള്ള സംരംഭങ്ങൾ ആരംഭിക്കാനാവശ്യമായ സഹായങ്ങൾ സ്ത്രീകൾക്ക് ലഭ്യമാക്കണം. ഈ ഉൽപ്പന്നങ്ങൾക്ക് മികച്ച മാർക്കറ്റിങ് പിന്തുണയോടെ ആഗോള വിപണിയിലടക്കം സ്വീകാര്യത നേടാനുള്ള ലക്ഷ്യത്തിലേക്കാകണം ഇനിയുള്ള ശ്രമങ്ങൾ.
ഏഴ് ബാച്ചിലായാണ് പരിശീലനം. ഓരോ ബാച്ചിലും 150 പേർ വീതമുണ്ടാകും. നാലാം ബാച്ചിന്റെ പരിശീലനം 18ന് ആരംഭിക്കും. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ്, കരകുളം സിഡിഎസ് അധ്യക്ഷ സുകുമാരി എന്നിവരും സംസാരിച്ചു.