കൊച്ചി
ദേശീയപാതയിലെ അപകടമരണത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി. ആളുകളെ ഇങ്ങനെ മരിക്കാൻ വിടാനാകില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ദേശീയപാതയിൽമാത്രമല്ല അപകടമരണങ്ങൾ. റോഡുകളിൽ എന്താണ് സംഭവിക്കുന്നതെന്നും കോടതി ആരാഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ റോഡുകൾ നന്നാക്കാൻ എൻഎച്ച് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. നെടുമ്പാശേരിയിൽ സ്കൂട്ടർ യാത്രികൻ ഹാഷിം കുഴിയിൽ വീണ് മരിച്ചതിനെ തുടർന്നാണ് കേസ് കോടതി അടിയന്തരമായി പരിഗണിച്ചത്.
മരിച്ചവരുടെ കുടുംബത്തോട് ആര് സമാധാനം പറയും? കലക്ടർമാർ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല? ഇനി എത്ര ജീവൻ കൊടുത്താലാണ് ഇത് നന്നാവുക? നഷ്ടപരിഹാരം നൽകാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. മോട്ടോർവാഹന നിയമപ്രകാരം ലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകാവുന്നതാണ്. ഇത് കലക്ടർമാർ അറിഞ്ഞിരിക്കേണ്ടതാണ്. ദേശീയപാത അതോറിറ്റിക്കും പൊതുമരാമത്തുവകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങൾക്കും റോഡുകളുടെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. കരാറുകാരനുമായുള്ള കരാർ സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
വില്ലേജ് ഓഫീസർമാർക്കും ബാധ്യതയുണ്ടെന്ന് എൻഎച്ച്എ അറിയിച്ചു. റോഡ് മോശമായാൽ ഹൈവേ അഡ്മിനിസ്ട്രേറ്ററെ വില്ലേജ് ഓഫീസർ അറിയിക്കണം.
നെടുമ്പാശേരിയിലെ അപകടമരണത്തെക്കുറിച്ച് ദേശീയപാത അതോറിറ്റി അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. ദേശീയപാത അടക്കമുള്ള റോഡുകളുടെ തകരാറ് പരിഹരിക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടർമാർ ഉത്തരവിറക്കണം. ദേശീയപാത മേഖലാ ഓഫീസറെ കേസിൽ കക്ഷിചേർത്തു. കേസ് 19ന് പരിഗണിക്കും.