കൊച്ചി
യുഎഇ പൗരൻ സാറ്റലൈറ്റ് ഫോണുമായി വിമാനത്താവളത്തിൽ പിടിയിലായപ്പോൾ രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിച്ചെന്ന പച്ചക്കള്ളവുമായി നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്. 2017ലാണ് ഇന്ത്യയിൽ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി ഒമാൻ എയർലൈൻസിൽ പോകാൻ ശ്രമിക്കുമ്പോൾ യുഎഇ സർക്കാർ ഉദ്യോഗസ്ഥൻ ഗസാൻ മുഹമ്മദ് അലാവി അൽ ജെഫ്രിക് അഷാഷ്മി സിഐഎസ്എഫ് പിടിയിലായത്. ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി. എന്നാൽ ഇയാൾക്ക് വേണ്ടി കോൺസുലേറ്റ് നൽകിയ സത്യവാങ്മൂലം പരിശോധിച്ച് അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യം നൽകി. രാജ്യം വിടാൻ അനുവദിക്കുകയും ചെയ്തു. പിന്നീട് ഹൈക്കോടതി എഫ്ഐആർ റദ്ദാക്കി. ഈ സംഭവമാണ് സ്വപ്ന മാധ്യമങ്ങൾക്കുമുന്നിൽ ഭീകരസംഭവമായി അവതരിപ്പിച്ചത്.
ഇതിൽ എന്താണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നത് സ്വപ്നക്ക് വിശദീകരിക്കാനായില്ല. പകരംഭീകരനായ ആളെ രാജ്യം വിടാൻ സിഎം ഓഫീസ് സഹായിച്ചുവെന്ന് ആരോപിക്കുകയും എഫ്ഐആർ കാണിക്കുകയുമാണ് സ്വപ്ന ചെയ്തത്. യുഎഇ പൗരൻ പിടിയിലായി എന്ന് സന്ദേശം ലഭിച്ചപ്പോൾ ശിവശങ്കറിനെ വിളിച്ചുവെന്നും അദ്ദേഹം പറഞ്ഞപ്രകാരമാണ് കോൺസുൽ ജനറലിന്റെ പിആർഒ സത്യവാങ്മൂലവുമായി നെടുമ്പാശേരിയിൽ പോയതെന്നും മാത്രമാണ് സ്വപ്നയ്ക്ക് പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെ ഇടപെട്ടെന്നോ എന്താണ് ഇടപെടലെന്നോ പറയാനാകാതായപ്പോൾ സ്വപ്ന വാർത്താസമ്മേളനം അവസാനിപ്പിച്ചു.
യുഎഇയിൽ അനുവദനീയമായതും ഇന്ത്യയിൽ നിരോധിച്ചതുമായ സാറ്റലൈറ്റ് ഫോണുമായി വിദേശികൾ വിമാനത്താവളത്തിൽ പിടിയിലാകുന്നതും കേസ് എടുക്കുന്നതും അപൂർവമല്ലെന്നാണ് നെടുമ്പാശേരി പൊലീസ് പറയുന്നത്.