മുബെെ
ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചപ്പോൾ, പരിക്കുള്ള പേസർ ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി. പുറംവേദനയാണ് കാരണം. വിരാട് കോഹ്-ലി ടീമിൽ തിരിച്ചെത്തി. പരിക്കുകാരണം ഏറെനാളായി വിശ്രമത്തിലായിരുന്ന ഓപ്പണർ ലോകേഷ് രാഹുലിനും ഇടംകിട്ടി.
ഇരുപത്തേഴുമുതൽ സെപ്തംബർ 11 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ് ട്വന്റി–20.
ബുമ്രയുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. ജൂലെെയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലാണ് ഇരുപത്തെട്ടുകാരൻ അവസാനമായി കളിച്ചത്. രണ്ടാമത്തെ പേസറാണ് പരിക്കുകാരണം പുറത്താകുന്നത്. ഹർഷൽ പട്ടേലാണ് പരിക്കിലുള്ള മറ്റൊരു പേസർ. യുവതാരങ്ങളായ അർഷ്ദീപ് സിങ്ങിനും ആവേശ് ഖാനും അവസരം കിട്ടി. സ്പിന്നർമാരായ ആർ അശ്വിനെയും രവി ബിഷ്ണോയിയെയും ഉൾപ്പെടുത്തിയപ്പോൾ ബാറ്റർമാരായ ശ്രേയസ് അയ്യർക്കും ഇഷാൻ കിഷനും പുറത്തായി. സഞ്ജു സാംസണും അവസരമില്ല.
ശ്രേയസിനെയും അക്സർ പട്ടേലിനെയും ദീപക് ചഹാറിനെയും പകരക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, വിരാട് കോഹ്-ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദീപക് ഹൂഡ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുശ-്-വേന്ദ്ര ചഹാൽ, രവി ബിഷ്-ണോയ്, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ.