ചെന്നൈ
ചെസ് ഒളിമ്പ്യാഡിലെ ജേതാക്കളെ ഇന്നറിയാം. ഒറ്റ റൗണ്ട് മത്സരം ബാക്കിയിരിക്കെ കിരീടപ്പോര് കനത്തു. വനിതകളിൽ ഇന്ത്യ എ ടീം 17 പോയിന്റോടെ ഒന്നാമതാണ്. 16 പോയിന്റുമായി ഉക്രെയ്നും പോളണ്ടും തൊട്ടടുത്തുണ്ട്. ഇന്ത്യ ബി, സി ടീമുകൾക്കൊപ്പം കസാക്കിസ്ഥാനും 15 പോയിന്റുണ്ട്.
ഇന്ത്യ എ നിർണായക മത്സരത്തിൽ കസാക്കിസ്ഥാനെയാണ് കീഴടക്കിയത്. താനിയ സച്ദേവും ഭക്തി കുൽക്കർണിയും കൊണേരു ഹമ്പിയും ജയിച്ചു. ആർ വൈശാലിക്ക് സമനിലയാണ്. ഒമ്പത് കളി ജയിച്ച പോളണ്ടിന്റെ ഒളീവിയ കിയോൽബസ സമനിലയിൽ കുടുങ്ങി. ഇന്ത്യ ബി ടീം നെതർലൻഡ്സിനെയും സി ടീം സ്വീഡനെയും കീഴടക്കി.
ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ ബി ടീം ഉസ്ബെക്കിസ്ഥാനോട് സമനില വഴങ്ങി. ഡി ഗുകേഷിന്റെ തോൽവി തിരിച്ചടിയായി. നിഹാൽ സരിനും ബി അധിപനും സമനില. പ്രഗ്യാനന്ദയുടെ വിജയം രക്ഷയായി. ഇന്ത്യ എ ടീം ഇറാനെയും സി ടീം സ്ലൊവാക്യയെയും പരാജയപ്പെടുത്തി. 17 പോയിന്റുമായി ഉസ്ബെക്കിസ്ഥാനും അർമേനിയയുമാണ് മുന്നിൽ. ഇന്ത്യ എ–-ബി, അമേരിക്ക ടീമുകൾക്ക് 16 പോയിന്റുണ്ട്. എ ടീമിലെ മലയാളി താരം എസ് എൽ നാരായണൻ ജയിച്ചു. സി ടീമിന് 14 പോയിന്റാണ്.