കോഴിക്കോട്> ജനാഭിലാഷങ്ങൾക്കും അവകാശപ്പോരാട്ടങ്ങൾക്കുമൊപ്പം നിലയുറപ്പിച്ച് കേരളത്തിലെ ഒന്നാംനിര പത്രമായി മാറാനുള്ള ആഹ്വാനത്തോടെ ദേശാഭിമാനിയുടെ എൺപതാം വാർഷികാഘോഷത്തിന് കോഴിക്കോട്ട് സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ദേശാഭിമാനി പിറവിയെടുത്ത കോഴിക്കോട്ട് സെപ്തംബർ ആറിനാണ് ഒരുവർഷത്തെ വാർഷികാഘോഷത്തിന് തുടക്കമാവുക. സ്വപ്നനഗരിയിൽ ചേരുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച ടാഗോർ ഹാളിൽ സമൂഹത്തിന്റെ വിവിധ കർമമേഖലകളിലുള്ളവർ ഒത്തുചേർന്ന സമ്മേളനത്തിൽവച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ മുഖ്യരക്ഷാധികാരിയും സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ചെയർമാനുമായി 500 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. ദേശാഭിമാനി യൂണിറ്റ് മാനേജർ ഒ പി സുരേഷാണ് ജനറൽ കൺവീനർ.
ചടങ്ങിൽ പി മോഹനൻ അധ്യക്ഷനായി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ രൂപരേഖ അവതരിപ്പിച്ചു. ജനറൽ മാനേജർ കെ ജെ തോമസ് സ്വാഗതം പറഞ്ഞു. മേയർ ബീന ഫിലിപ്പ്, എഴുത്തുകാരൻ പി കെ പാറക്കടവ്, ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ, മാനേജർ ഒ പി സുരേഷ്, ന്യൂസ് എഡിറ്റർ ജയകൃഷ്ണൻ നരിക്കുട്ടി എന്നിവർ സംസാരിച്ചു. എ പ്രദീപ് കുമാർ, കെ കെ ലതിക, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ടി പി ദാസൻ തുടങ്ങിയവർ സംബന്ധിച്ചു. ഭാനുപ്രകാശ്, ബെൻസീറ, സി ആർ ദേവനന്ദ എന്നിവർ നയിച്ച കോഴിക്കോടൻ സംഗീതസ്മൃതിയും അരങ്ങേറി.