മങ്കട (മലപ്പുറം) > മങ്കട ചേരിയം ഹൈസ്കൂളിലെ സ്മാർട്ട് ലാബ്. രാവിലെ 9.18 ആകാൻ നിമിഷങ്ങൾ മാത്രം. അൻഷയുടെ കൈകൾ നിഹയുടെയും നിദയുടെയും കൈയുമായി കോർത്തുപിടിച്ചിരുന്നു. കൗണ്ട്ഡൗൺ തുടങ്ങി. ഫൈവ്, ഫോർ, ത്രീ, ടു, വൺ, സീറോ… 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് റിസർച്ച് സെന്ററിൽനിന്ന് ഐഎസ്ആർഒയുടെ ആസാദിസാറ്റിനെയും വഹിച്ചുള്ള എസ്എസ്എൽവി ബഹിരാകാശത്തേക്ക് കുതിച്ചു. കുട്ടികൾ ആർത്തുവിളിച്ചു. തങ്ങൾകൂടി പങ്കാളികളായ ഉപഗ്രഹം ലക്ഷ്യത്തിലേക്കു പായുന്നത് കണ്ണുനിറയെ അവർ കണ്ടു. അതിരുകളില്ലാത്ത സന്തോഷത്തിന്റെ ആകാശത്തിലേക്ക്…
ഉപഗ്രഹ രൂപകൽപ്പന നിർവഹിച്ചത് രാജ്യത്തെ 75 സർക്കാർ സ്കൂളുകളിലെ 750 പെൺകുട്ടികളാണ്. ഇതിൽ പങ്കാളിയായ കേരളത്തിലെ ഏക സ്കൂളാണ് മങ്കട ചേരിയത്തേത്. സി പി അൻഷ, കെ അർഷ, പി ഹന, കെ ഫഹ്മിയ, കെ നുസ്ല, നിഹ കുന്നത്ത്, നിഹ കളത്തിൽ, എ നിദ, സി നജ ഫാത്തിമ, കെ ദിയ ഫാത്തിമ എന്നിവരാണ് ആ മിടുക്കികള്. യാദൃച്ഛികമായാണ് ഇവർക്ക് അവസരം ലഭിച്ചത്. കോവിഡ് കാലത്താണ് ചെന്നൈയിലെ സ്പേസ് കിഡ്സ് ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽനിന്ന് സ്കൂളിലേക്ക് ഇ മെയിൽ ലഭിച്ചത്. പ്രധാനാധ്യാപകൻ പി അൻവർ ബഷീർ ഉടൻ രജിസ്ട്രേഷൻ പൂർത്തിയാക്കി. സ്കൂളിലെ ഊർജതന്ത്ര അധ്യാപിക നമിത പ്രകാശിന്റെ നേതൃത്വത്തിൽ കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി. താപനിലയും വേഗവും അളക്കുന്ന ചിപ്പ് പ്രോഗ്രാം ചെയ്തെടുക്കുക എന്ന ദൗത്യം അവർ വിജയകരമായി പൂർത്തിയാക്കി.
‘ഇത്രയും വലിയ സംഭവമാകുമെന്ന് ഓർത്തില്ല. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ’–- കുട്ടികൾ പറഞ്ഞു. ‘ആസാദിസാറ്റിന്റെ ദൗത്യം പരാജയപ്പെട്ടെങ്കിലും ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്’–- നമിത പ്രകാശ് പറഞ്ഞു. ഞായറാഴ്ച രാവിലെ സ്കൂൾ സ്മാർട്ട് ലാബിലെ വലിയ സ്ക്രീനിനുമുന്നിൽ രക്ഷിതാക്കൾക്കും അധ്യാപകർക്കുമൊപ്പമിരുന്നാണ് കുട്ടികൾ വിക്ഷേപണം കണ്ടത്.