കൊച്ചി
തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണത്തെ ചെറുക്കാൻ എല്ലാ തൊഴിലാളിശക്തിയെയും ഒരു കുടക്കീഴിൽ അണിനിരത്തി പോരാടണമെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ. ഇതിനായി തുറമുഖങ്ങളിലെ സ്ഥിരം, കരാർ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾ നടത്തണം. അങ്ങനെമാത്രമേ പ്രധാനമന്ത്രി മോദിയുടെ തുറമുഖ സ്വകാര്യവൽക്കരണ പദ്ധതിയെ പരാജയപ്പെടുത്താനാകൂ–- വാട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ വർക്കിങ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തപൻ സെൻ. ഇന്ത്യയിലെ 11 മേജർ തുറമുഖങ്ങളിലെയും വാണിജ്യക്കപ്പലുകളിലെയും തൊഴിലാളികളുടെ ദേശീയ സംഘടനയാണ് ഫെഡറേഷൻ.
ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കേരളത്തിലുണ്ടായ തൊഴിലാളിപ്രതിരോധം മാതൃകയാണ്. ബിപിസിഎൽ വിൽപ്പനയ്ക്ക് കരാറുകൾ ക്ഷണിച്ചെങ്കിലും തൊഴിലാളിസമരത്തിന്റെ ശക്തിക്കുമുന്നിൽ അതെല്ലാം പിൻവലിക്കേണ്ടിവന്നു. ഒഡിഷയിലെ അലുമിനിയം പ്ലാന്റും ഛത്തീസ്ഗഢിലെ സ്റ്റീൽ പ്ലാന്റും സ്വകാര്യവൽക്കരിക്കാനുള്ള നീക്കവും തൊഴിലാളിപ്രതിഷേധങ്ങളിലൂടെ തടഞ്ഞു. ബംഗളൂരു ബിഇഎംഎല്ലിൽ ബിഎംഎസ് അടക്കം സ്വകാര്യവൽക്കരണത്തിനെതിരെ രംഗത്തുണ്ട്.
രാജ്യം 75–-ാം സ്വാതന്ത്ര്യവാർഷികം ആഘോഷിക്കുമ്പോൾ സമൂഹത്തിൽ വർഗീയവിഷം വമിപ്പിക്കുകയാണ് മോദി–-ആർഎസ്എസ് അച്ചുതണ്ട്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണവർ. സ്വാതന്ത്ര്യസമരത്തിൽ തങ്ങളുടെ പങ്ക് വഹിച്ചവരാണ് തുറമുഖതൊഴിലാളികൾ. തുറമുഖങ്ങളെ തകർക്കാനുള്ള കേന്ദ്രനീക്കത്തെ തൊഴിലാളികൾ പരാജയപ്പെടുത്തുമെന്നും തപൻ സെൻ പറഞ്ഞു.
തോപ്പുംപടി കെ വി എ അയ്യർ നഗറിൽ (റോസാരിയോ ഹാൾ) ശനി രാവിലെ ആരംഭിച്ച യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് സി ഡി നന്ദകുമാർ അധ്യക്ഷനായി. സെക്രട്ടറി ആർ റസ്സൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ടി നരേന്ദ്ര റാവു, വൈസ് പ്രസിഡന്റ് കെ ചന്ദ്രൻപിള്ള, ട്രഷറർ എ കൃഷ്ണമൂർത്തി, സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു. യോഗം ഞായറാഴ്ചയും തുടരും.