തായ്പെ
മൂന്നാം ദിവസവും തയ്വാനെ വളഞ്ഞുള്ള സൈനികാഭ്യാസം തുടർന്ന് ചൈന. ശനിയാഴ്ച ചൈനയുടെ 20 സൈനിക വിമാനം അഭ്യാസത്തിൽ പങ്കെടുത്തു. 14 വിമാനം വ്യോമാതിർത്തി കടന്നതായി തയ്വാൻ പറഞ്ഞു. 14 ചൈനീസ് യുദ്ധക്കപ്പലും പരിശീലനത്തിൽ പങ്കെടുത്തു. വടക്കൻ, തെക്കുപടിഞ്ഞാറൻ, കിഴക്കൻ തീരങ്ങളിലും വ്യോമമേഖലയിലും കേന്ദ്രീകരിച്ചായിരുന്നു സൈനികാഭ്യാസം. ഞായറാഴ്ച അവസാനിക്കും.അതിനിടെ, ചൈനയുടെ സൈനിക പരിശീലനം ആക്രമണത്തിന്റെ ഭാവത്തിലേക്ക് മാറുകയാണെന്ന് തയ്വാൻ സൈന്യം പ്രതികരിച്ചു. വ്യോമ, നാവിക മേഖലകളിൽ പട്രോളിങ് ശക്തമാക്കി.
എന്നാൽ, ചൈനീസ് അധിനിവേശം എന്നത് അമേരിക്കയുടെ വ്യാജപ്രചാരണം മാത്രമാണെന്ന് ചൈന പ്രതികരിച്ചു. ‘തയ്വാൻ ഉൾക്കടലിൽ ചൈന തൽസ്ഥിതി തകിടം മറിച്ചിട്ടില്ല. പ്രദേശത്ത് കൂടുതൽ വലിയ പ്രതിസന്ധിയുണ്ടാക്കാൻ അമേരിക്ക ശ്രമിക്കരുത്’–- ചൈനീസ് വിദേശമന്ത്രി വാങ് യി പറഞ്ഞു.
പ്രശ്നം സൃഷ്ടിച്ച് പിന്നീട് അതിൽനിന്ന് മുതലെടുപ്പ് നടത്തുന്ന പതിവ് തന്ത്രം തയ്വാൻ വിഷയത്തിൽ വിലപ്പോകില്ലെന്നും വാങ് യി പറഞ്ഞു.
തുടർ മുന്നറിയിപ്പുകൾ അവഗണിച്ച് അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തയ്വാൻ സന്ദർശിച്ചിരുന്നു. തയ്വാന്റെയും മേഖലയുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര സഹായം ലഭ്യമാക്കണമെന്ന് തയ്വാൻ പ്രസിഡന്റ് സായ് ഇങ്വെൻ ആവശ്യപ്പെട്ടു.