കൊച്ചി
ദേശീയപാതയിലെ കുഴികൾ അടിയന്തരമായി അടയ്ക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈക്കോടതി. ഇക്കാര്യത്തിൽ സത്വരനടപടി വേണം. ദേശീയപാത അതോറിറ്റിയുടെ കേരള വിഭാഗം ഓഫീസർക്കാണ് അമിക്കസ് ക്യൂറി വഴി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്. നെടുമ്പാശേരി മാർ അത്തനേഷ്യസ് സ്കൂളിനുമുന്നിലെ വലിയ കുഴിയിൽ വീണ് കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രികൻ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ആവശ്യപ്പെട്ടുള്ള കേസുകളിൽ കോടതിയെ സഹായിക്കാൻ നിയമിച്ച അമിക്കസ് ക്യൂറിയാണ് സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്.
റോഡുകളുടെ ചുമതല കരാറുകാർക്കും എൻജിനിയർമാർക്കുമാണെന്നും റോഡിൽ ഇനിയൊരു ജീവൻ പൊലിഞ്ഞാൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നും രണ്ടാഴ്ചമുമ്പ് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നഷ്ടപരിഹാരം നൽകാൻ ഉത്തരവാദപ്പെട്ടവർക്ക് ബാധ്യത ഉണ്ടാകുമെന്നും കോടതി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേശീയപാതയുടെ ശോചനിയാവസ്ഥ അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. ദേശീയപാതയുടെ നിയന്ത്രണം സംസ്ഥാനത്തിനല്ലെന്നും കുഴികൾ അടയ്ക്കാൻ ദേശീയപാത അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ലെന്നും സംസ്ഥാന സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. തുടർന്നാണ് ഹൈക്കോടതി ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
നെടുമ്പാശേരിക്കടുത്ത് ദേശീയപാതയിൽ വെള്ളി രാത്രി പത്തരയോടെ ഉണ്ടായ അപകടത്തിലാണ് മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം മരിച്ചത്. അങ്കമാലിയിൽ ഹോട്ടലിൽ കാഷ്യറായിരുന്ന ഹാഷിം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് രണ്ടടിയോളം താഴ്ചയുള്ള കുഴിയിൽ വീണത്. ഇതിൽ മുൻദിവസങ്ങളിലും പലരും വീണിരുന്നു.