തിരുവനന്തപുരം
പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ സഹായിക്കാൻ സംസ്ഥാനത്ത് സംരക്ഷണനിധി രൂപീകരിക്കും. ആദ്യഘട്ടം 500 കോടി രൂപ നിധിയിൽ ഉറപ്പാക്കും. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ മിച്ചധനവും കരുതൽ ധനവുമുപയോഗിക്കും. ഇതിന് സഹകരണ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്ന് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഹകരണമേഖലയുടെ വികസനത്തിനും പ്രതിസന്ധിയിലാകുന്ന സംഘങ്ങളുടെ വീണ്ടെടുപ്പിനും വായ്പാ സഹായം ഉറപ്പാക്കും.
നിധിയിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ നൽകും. നിശ്ചിത കാലപരിധിക്കുശേഷമോ അടിയന്തര സാഹചര്യത്തിലോ പലിശയടക്കം പിൻവലിക്കാം. പദ്ധതി വിശദാംശം പിന്നീട് തയ്യാറാക്കും. നിധിക്കായി സംഘം, ജില്ല, സംസ്ഥാന തലങ്ങളിൽ അവലോകന സമിതി രൂപീകരിക്കും. സഹകാരികൾ, വകുപ്പ്– -കേരള ബാങ്ക് ഉദ്യോഗസ്ഥർ, സർക്കിൾ– -സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ എന്നിവർ അംഗങ്ങളാകും.
നിക്ഷേപ പരിരക്ഷ പരിധി
5 ലക്ഷമാക്കും
സഹകരണ നിക്ഷേപ പരിരക്ഷ പരിധി രണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപയാക്കും. ഗ്യാരന്റി ബോർഡ് പ്രവർത്തനം വിപുലപ്പെടുത്തി പ്രതിസന്ധി ഘട്ടങ്ങളിൽ അഞ്ചുലക്ഷം രൂപവരെ നൽകാൻ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഫിലോമിനയുടെ പണം ഇന്ന് കൈമാറും
കരുവന്നൂർ ബാങ്കിന് പ്രത്യേക പാക്കേജ്
കരുവന്നൂർ സഹകരണ ബാങ്കിലെ ഇടപാടുകാർക്ക് നിക്ഷേപം തിരികെ നൽകാൻ പ്രത്യേക പാക്കേജായി. കാലാവധിയായ നിക്ഷേപങ്ങൾ തിരികെ നൽകാൻ 35 കോടി രൂപ അനുവദിച്ചു. ബാങ്ക് ആസ്തി ഈടിന്മേൽ കേരള ബാങ്കിൽനിന്ന് 25 കോടിയും സഹകരണ വികസന ക്ഷേമനിധി ബോർഡിൽനിന്ന് 10 കോടിയും നൽകും. രോഗബാധിതയായി മരിച്ച ഫിലോമിനയുടെ ബാക്കി നിക്ഷേപം ശനിയാഴ്ച കുടുംബത്തിന് കൈമാറുമെന്നും സഹകരണ മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബാങ്ക് പ്രതിസന്ധി മറികടക്കാൻ ഹ്രസ്വ, ദീർഘകാല പദ്ധതി നടപ്പാക്കും. നിക്ഷേപ, പലിശ ബാക്കിനിൽപ്പ്, കാലാവധിയെത്തിയ നിക്ഷേപവും പലിശയും എന്നിവയിൽ കൃത്യമായ കണക്കായി. ആകെ നിക്ഷേപം 284.61 കോടിയും പലിശ കൊടുക്കാനുള്ളത് 10.69 കോടിയുമാണ്. കാലാവധി എത്തിയത് 142.71 കോടിയും. 35 കോടിയാണ് നിക്ഷേപകർ ആവശ്യപ്പെട്ടത്. വായ്പ ബാക്കിനിൽപ്പ് 368 കോടിയാണ്. പലിശ പിരിഞ്ഞുകിട്ടേണ്ടത് 108.03 കോടിയും. ആകെ കിട്ടാനുള്ളത് 476 കോടി . ഇവ ഈടാക്കാൻ 217 ആർബിട്രേഷൻ കേസ് ഫയൽ ചെയ്തു. വിധി നടപ്പാക്കൽ ആരംഭിച്ച 702 കേസിൽ നടപടി വേഗത്തിലാക്കാൻ നാല് സ്പെഷ്യൽ സെയിൽ ഓഫീസർമാരെ നിയോഗിക്കും. സംഘം പ്രവർത്തനം തുടരാൻ വേണ്ട നടപടി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു.