തലശേരി > യാഥാസ്ഥിതികരെ വെല്ലുവിളിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വടക്കേ മലബാറിലെ ധീരവനിത ഇനി ചരിത്രം. മാളിയേക്കൽ തറവാട്ടിലെ കാരണവത്തി മാളിയേക്കൽ മറിയുമ്മ (ഇംഗ്ലീഷ് മറിയുമ്മ-97) അന്തരിച്ചു. തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു അന്ത്യം. 1938-43 കാലത്ത് തലശേരി സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിലെ ഏക മുസ്ലിം പെൺകുട്ടിയായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനിടയിൽ നിരന്തര അധിക്ഷേപത്തിനിരയായി.
ഫിഫ്ത്ത് ഫോറത്തിൽ പഠിക്കുമ്പോൾ 1943ൽ ആയിരുന്നു വിവാഹം. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിളാസമാജത്തിന്റെ പ്രവർത്തനത്തിൽ മുഴുകി. സ്ത്രീകൾക്കുവേണ്ടി തയ്യൽ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും നടത്തി. ഇടതുപക്ഷ, പുരോഗമന ആശയങ്ങളുമായി എന്നും സഹകരിച്ചു.
ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്ത ഒ വി അബ്ദുള്ള സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ വി ആർ മാഹിനലി (റിട്ട. മിലിറ്ററി റിക്രൂട്ട്മെന്റ് ഓഫീസർ). മക്കൾ: മാളിയേക്കൽ ആയിഷ, അബ്ദുള്ള (അബ്ബാസ്-ബിസിനസ്), പരേതരായ മഷൂദ്, സാറ. മരുമക്കൾ: മമ്മൂട്ടി (പെരുമ്പാവൂർ), മാണിക്കോത്ത് സാഹിദ, മഹിജ, പരേതനായ ഇ കെ കാദർ (പാനൂർ). സഹോദരങ്ങൾ: പരേതരായ കുട്ട്യാമു, നഫീസ, മഹമ്മൂദ്, മാഹിനലി.
മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തലശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചുനടന്ന വ്യക്തിയെയാണ് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായി. സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ അവകാശങ്ങൾക്കുംവേണ്ടി പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സായിരുന്നു. മതസാഹോദര്യത്തിന്റെ പ്രതീകമായും മാറി. വിയോഗദുഃഖത്തിൻ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.