മാവേലിക്കര> ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള റോഡ് നിര്‍മാണത്തിനിടെ മലയാളി ജവാന് ഉത്തരാഖണ്ഡില്‍ വീരമൃത്യു. ഓപ്പറേറ്റിങ് എക്യുപ്മെന്റ് മെക്കാനിക്ക്, മാവേലിക്കര ചെട്ടികുളങ്ങര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഈരേഴ തെക്ക് താനുവേലില്‍ വീട്ടില്‍ ബാബുവിന്റെയും സരസ്വതിയുടെയും മകന് ബി ബിജു (42) ആണ് മരിച്ചത്.
വ്യാഴം പകല്‍ രണ്ടിനായിരുന്നു അപകടം. പിത്രോഗാഡിന് സമീപം ഇന്ത്യാ-ചൈനാ ബോര്‍ഡര്‍ റോഡ് നിര്‍മാണത്തിനിടെ ബിജു നിയന്ത്രിച്ചുകൊണ്ടിരുന്ന എക്സ്കവേറ്ററിന് മുകളിലേക്ക് വലിയ പാറ വീഴുകയായിരുന്നു. എക്സ്കവേറ്റര്‍ തൊട്ടടുത്തുള്ള നദിയുടെ തീരത്തേക്ക് മറിഞ്ഞ് തകര്‍ന്നു. അപകട സ്ഥലത്തുതന്നെ മരിച്ച ബിജുവിന്റെ മൃതദേഹം സഹപ്രവര്‍ത്തകര്‍ ചുമന്നെടുത്താണ് റോഡിലെത്തിച്ചത്.
പിത്രോഗാഡ് സിവില്‍ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കും ശേഷം റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ഇവിടെ നിന്ന് വിമാന മാര്‍ഗം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.അരുണാചല്‍ പ്രദേശില്‍ ജോലി ചെയ്തു വന്നിരുന്ന ബിജു,ആറുമാസങ്ങള്‍ക്കു മുമ്പാണ് ഒടുവില്‍ അവധിക്ക് നാട്ടിലെത്തിയത്.