കൊച്ചി
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കേസ് കൈകാര്യം ചെയ്യാൻ കെ സുധാകരൻ കെപിസിസി ഓഫീസിൽ പ്രത്യേക സെൽ തുടങ്ങിയ വാർത്ത എറണാകുളത്തുകാരെ അതിശയിപ്പിച്ചില്ല. കാരണം, യൂത്ത് കോൺഗ്രസിന്റെ ക്രിമിനൽ മുഖം പ്രതിപക്ഷനേതാവിന്റെ സ്വന്തം ജില്ലയിൽ അത്രയും പ്രകടമാണ്. കാക്കനാട് മുഖ്യമന്ത്രിയെ കാറിന്റെ ചില്ല് പൊട്ടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് എറണാകുളം ബ്ലോക്ക് ജനറൽ സെക്രട്ടറി സോണി പനന്താനത്തി (25)ന് മാത്രം പോക്സോ ഉൾപ്പെടെ 20 ക്രിമിനൽ കേസുണ്ട്. ജോലി സ്ഥിരപ്പെടുത്താമെന്ന് വാഗ്ദാനം നൽകി അധ്യാപികയെ പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി പണവും ഫോണും സ്വർണവും കവർന്ന കേസിൽ ബുധനാഴ്ച അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് പിറവം മണ്ഡലം പ്രസിഡന്റ് രഞ്ജിത്രാജ(27)നാണ് . കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മുളന്തുരുത്തി പഞ്ചായത്ത് 13–-ാംവാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.
തൊഴിൽവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് തിരുമാറാടി മണ്ഡലം പ്രസിഡന്റ് പുത്തൻപുരയിൽ സ്റ്റാലിൻ മാത്യു (32)വിനെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തതും ബുധനാഴ്ച. ഏപ്രിൽ ഏഴിന് എറണാകുളത്ത് വ്യാപാരിയെ മർദിച്ച് പണം തട്ടിയ കേസിൽ അറസ്റ്റിലായ ടിബിൻ ദേവസ്യ യൂത്ത് കോൺഗ്രസ് എറണാകുളം ജനറൽ സെക്രട്ടറിയും കൊച്ചി കോർപറേഷൻ കൗൺസിലറുമാണ്. ഇയാളാണ് പൊലീസിനുനേർക്ക് ഉരുളിയെറിഞ്ഞത്.
പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദ് രണ്ടാംപ്രതിയാണ്. പ്രതിക്കുവേണ്ടി മാത്യൂു കുഴൽനാടൻ എംഎൽഎ കോടതിയിൽ ഹാജരായതും അന്ന് വിവാദമായിരുന്നു. കോൺഗ്രസിന്റെ റോഡ് തടയൽ സമരാഭാസത്തിനിടയിൽ പാലാരിവട്ടത്ത് നടൻ ജോജുവിന്റെ കാർ തകർത്ത കേസിലെ പ്രതികളെല്ലാം വിവിധ കേസുകളിൽപ്രതിയായ യൂത്ത് കോൺഗ്രസുകാർതന്നെ. സോളാർ പീഡനക്കേസിൽ പ്രതിയായ കോൺഗ്രസിന്റെ യുവ എംപി ഹൈബി ഈഡനെ സിബിഐ കൊച്ചിയിൽ ചോദ്യം ചെയ്തത് മേയിലാണ്.