ന്യൂഡൽഹി
എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഉയർന്ന പെൻഷന് അവസരമൊരുക്കിയാൽ 16 ലക്ഷം കോടിയുടെ ബാധ്യതയുണ്ടാകുമെന്ന ഇപിഎഫ്ഒയുടെ അവകാശവാദം പൊളിച്ച് ജീവനക്കാരുടെ സംഘടനകൾ. ആധികാരികമായ റിപ്പോർട്ടുകളുടെയോ സ്ഥിതിവിവരക്കണക്കുകളുടെയോ പിൻബലമില്ലാത്ത ഊതിപ്പെരുപ്പിച്ച ബാധ്യതക്കണക്കുകളാണ് ഇപിഎഫ്ഒയും തൊഴിൽമന്ത്രാലയവും അവതരിപ്പിച്ചതെന്ന് കേരളത്തിൽ നിന്നുൾപ്പെടെയുള്ള ജീവനക്കാർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാധ്യതകൾ വിശദീകരിക്കുന്ന റിപ്പോർട്ടോ രേഖയോ അധികൃതർ ഹാജരാക്കിയിട്ടില്ലെന്ന് പിഎഫ് പെൻഷൻ കേസിൽ വാദംകേൾക്കുന്ന ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു.
പെൻഷൻപദ്ധതിയുടെ കോർപസ് ഫണ്ട് വർഷംതോറും വലിയരീതിയിൽ വർധിക്കുകയാണ് ചെയ്തതെന്ന് മലപ്പുറം ജില്ലാസഹകരണബാങ്ക് ജീവനക്കാരെ പ്രതിനിധാനംചെയ്ത മുതിർന്ന അഭിഭാഷകൻ ജയന്ത്മുത്തുരാജ് ചൂണ്ടിക്കാട്ടി. ഇപിഎഫ്ഒയുടെ വാർഷികറിപ്പോർട്ടിലുള്ള കോർപസ് ഫണ്ട് വർധന മറച്ചുവച്ച് 16 ലക്ഷം കോടിയുടെ ബാധ്യതയുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്–- കേരളത്തിലെ വിവിധ ജില്ലകളിലെ ജീവനക്കാരെ പ്രതിനിധാനംചെയ്ത മുതിർന്ന അഭിഭാഷകൻ കൈലാസനാഥപിള്ള പറഞ്ഞു.
ബാധ്യതാവിഷയത്തിൽ കൃത്യമായ കണക്കുകളുടെ അഭാവമുണ്ടെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചു. വെള്ളിയാഴ്ച വാദംകേൾക്കൽ തുടരും. വിശദീകരണം നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ഇപിഎഫ്ഒ ആവശ്യപ്പെട്ടു.
‘കട്ട് ഓഫ് ഡേറ്റ്
നിയമവിരുദ്ധം’
പ്രൊവിഡന്റ് ഫണ്ട് ആക്റ്റിലോ എംപ്ലോയീസ് പെൻഷൻ സ്കീമിലോ പറഞ്ഞിട്ടില്ലാത്ത കട്ട് ഓഫ് ഡേറ്റ് ഏർപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണെന്ന് ജയന്ത് മുത്തുരാജ് വാദിച്ചു. ഉയർന്ന വിഹിതം അടയ്ക്കാനുള്ള ജോയിന്റ് ഓപ്ഷൻ തെരഞ്ഞെടുക്കാൻ കട്ട് ഓഫ് ഡേറ്റ് ഏർപ്പെടുത്തിയത് 2014 ഭേദഗതിയിലാണ്. 1995ൽ തുടങ്ങിയ പെൻഷൻ പദ്ധതിയിലെ അംഗങ്ങൾക്ക് 2014ൽ കട്ട് ഓഫ് ഡേറ്റ് ഏർപ്പെടുത്തിയത് നിലനിൽക്കില്ല. പെൻഷൻ കണക്കുകൂട്ടാൻ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെന്ന വ്യവസ്ഥ മാറ്റി 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെന്ന വ്യവസ്ഥയും ജീവനക്കാർക്കെതിരാണ്. കേന്ദ്രസർക്കാർ സ്വന്തം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞ് ജീവനക്കാരുടെ ചുമലിൽ ഭാരം അടിച്ചേൽപ്പിക്കുകയാണ്.
‘വാദിക്കാൻ അസംഖ്യം അഭിഭാഷകർ;
കോടതിക്ക് സമയമില്ല’
പിഎഫ് പെൻഷൻ കേസിൽ വാദങ്ങൾ അവതരിപ്പിക്കാൻ അവസരംതേടി നിരവധി അഭിഭാഷകർ. എല്ലാവരുടെയും വാദം കേൾക്കാൻ സമയം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടും അഞ്ചുമിനിറ്റെങ്കിലും സമയം ആവശ്യപ്പെട്ട് അഭിഭാഷകർ കോടതിയിൽ തടിച്ചുകൂടി. കേസ് പരിഗണിക്കുന്നത് ജസ്റ്റിസുമാരായ യു യു ലളിത്, അനിരുദ്ധാബോസ്, സുധാൻശുധുലിയ എന്നിവർ അംഗങ്ങളായ പ്രത്യേക ബെഞ്ചാണ്.