തിരുവനന്തപുരം
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനം കനത്ത ജാഗ്രതയിൽ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് അതിതീവ്ര മഴ തുടരുന്നത്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുകയാണ്.
തീരത്തുള്ളവരെ ഒഴിപ്പിച്ചുതുടങ്ങി. വ്യാഴം ഉച്ചയോടെ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് മാറ്റി കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകി.
ചേറ്റുവ അഴിമുഖത്ത് വള്ളംമറിഞ്ഞ് കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കരയ്ക്കടിഞ്ഞു. തിരുവനന്തപുരം പുല്ലൂർവിള സ്വദേശി വർഗീസ് എന്ന മണിയന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. തിരുവനന്തപുരം പുല്ലൂർവിള സ്വദേശി ഗിൽബർട്ടിനായി തിരച്ചിൽ തുടരുകയാണ്. കാസർകോട് വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ ബുധനാഴ്ച ഒഴുക്കിൽപ്പെട്ട റിട്ട. അധ്യാപിക കളത്തിൽ രവീന്ദ്രന്റെ ഭാര്യ ലത(55) യുടെ മൃതദേഹം കണ്ടെത്തി. ഇതോടെ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ആകെ മരണം 20 ആയി.
കാഞ്ഞിരപ്പള്ളിയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. പാലായിലെ പ്രധാന റോഡിൽ കുഴി രൂപപ്പെട്ടു. ലോവർ പെരിയാർ, കല്ലാർകുട്ടി, പൊന്മുടി, ഇരട്ടയാർ, കുണ്ടള, മൂഴിയാർ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട്ടാണ്. കെഎസ്ഇബി, ജലസേചന വകുപ്പിന് കീഴിലായി തുറന്നിരിക്കുന്നത് 20 അണക്കെട്ടാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പതു സംഘത്തെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. ഡിഫൻസ് സർവീസ് കോപ്സിന്റെ രണ്ടു ടീമും കരസേനയുടെ ഒരു കോളവും സജ്ജമാണ്. കരിപ്പൂരിൽ ഇറങ്ങേണ്ട ആറ് വിമാനങ്ങൾ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി.
സംസ്ഥാനത്താകെ 212 ക്യാമ്പിലായി 6285 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ ക്യാമ്പുകൾ. ഇതുവരെ 32 വീട് പൂർണമായും 237 വീട് ഭാഗികമായും തകർന്നു.
ചാലക്കുടിയിൽ
ഭീഷണി
ഷോളയാർ, പെരിങ്ങൽകുത്ത് അണക്കെട്ടുകൾ തുറന്നതോടെ ചാലക്കുടി പുഴയുടെ തീരത്താണ് കൂടുതൽ ഭീഷണി. തീരപ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. തീരത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. 426 കുടുംബത്തിലായി 1429 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഒഴിപ്പിക്കലിന് മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും തയ്യാറാക്കി. മന്ത്രി കെ രാധാകൃഷ്ണൻ ചാലക്കുടിയിൽ എത്തി സ്ഥിതി അവലോകനം ചെയ്തു.
എറണാകുളം ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകി. ആലുവ മണപ്പുറവും പരിസരവും വീണ്ടും വെള്ളത്തിനടിയിലായി.
മുല്ലപ്പെരിയാർ
തുറക്കാൻ സാധ്യത
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളി രാവിലെ 10 മുതൽ ജലം സ്പിൽവേയിലൂടെ ഒഴുക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.