കാസർകോട്
ബിജെപിയിലെ ചേരിപ്പോര് രൂക്ഷമായതിനെ തുടർന്ന് ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ചു.
മുൻ നഗരസഭാ കൗൺസിലർ കെ ശങ്കരൻ, മഞ്ചേശ്വരം മണ്ഡലം നേതാക്കളായ സന്ദീപ് ആരിക്കാടി, ലോകേഷ് നോഡ എന്നിവരുടെ നേതൃത്വത്തിലാണ് താളിപ്പടുപ്പിലെ ശ്യാമപ്രസാദ് മുഖർജി ഭവൻ കാവിക്കൊടികളുമായി വ്യാഴം രാവിലെ മുതൽ പൂട്ടിയിട്ട് ഉപരോധിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ലക്ഷ്യമിട്ടാണ് പ്രതിഷേധം. സുരേന്ദ്രന്റെ അടുപ്പക്കാരായ സംസ്ഥാന സെക്രട്ടി കെ ശ്രീകാന്ത്, മുൻ ജില്ലാ പ്രസിഡന്റ് സുരേഷ്കുമാർ ഷെട്ടി, മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കെ മണികണ്ഠ റൈ എന്നിവരെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. കേന്ദ്ര സർവകലാശാലാ നിയമന അഴിമതി ഇവരുടെ ഒത്താശയോടെയാണെന്നും നടപടി വന്നാൽ ഇക്കാര്യം പുറത്താകുമെന്ന ഭയം സുരേന്ദ്രനുണ്ടെന്നും സമരക്കാർ പറഞ്ഞു.
ഇത് രണ്ടാംതവണയാണ് നേതാക്കളും പ്രവർത്തകരും ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിക്കുന്നത്. കാസർകോട് കൂഡ്ലുവിൽ ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തതിനെതുടർന്ന് ഫെബ്രുവരി 19നായിരുന്നു ആദ്യ ഉപരോധം.