ന്യൂഡൽഹി
പുതിയ വനസംരക്ഷണ ചട്ടം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി നോട്ടീസ് നൽകി. സഭാചട്ടം 168 പ്രകാരം വനസംരക്ഷണ ചട്ടം അസാധുവായതായി പാർലമെന്റ് പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിനാശകരമായ പുതിയ ഭേദഗതികൾ വനമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്നവയാണ്. പദ്ധതികൾക്ക് അനുമതി നൽകുന്നതിനുമുമ്പ് ഗ്രാമസഭകളുടെയും വനത്തിൽ അധിവസിക്കുന്ന വിവിധ വിഭാഗങ്ങളുടെയും അനുമതി തേടണമെന്ന നിർദേശം അട്ടിമറിച്ചാണ് ജൂൺ 28ന് കേന്ദ്രസർക്കാർ ചട്ടം ഗസറ്റിൽ പ്രസിദ്ധീകരിച്ചത്. ഇനി കേന്ദ്രമായിരിക്കും അന്തിമാനുമതിയടക്കം നൽകുക. ചട്ടങ്ങൾ ആഗസ്ത് നാലിന് മാത്രമാണ് രാജ്യസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇത് അസാധുവാക്കി പൊതുജനാഭിപ്രായം ശേഖരിക്കണം.
പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെയും ആദിവാസി മന്ത്രാലയത്തിന്റെയും പരിഗണനയ്ക്കായി വിടണമെന്നും എളമരം കരീം പറഞ്ഞു.