ന്യൂഡൽഹി
കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് ഓഫീസ് ഇഡി ഉദ്യോഗസ്ഥർ മുദ്രവച്ച് പൂട്ടി. സോണിയ ഗാന്ധിയെ ചോദ്യംചെയ്ത് ഒരാഴ്ചയ്ക്കകമാണ് റെയ്ഡും അടച്ചുപൂട്ടലും. രാഹുൽ ഗാന്ധിയെ 40 മണിക്കൂറോളം ഇഡി ചോദ്യംചെയ്തിരുന്നു. ഓഫീസ് പൂട്ടിയതോടെ ഈ കെട്ടിടത്തിലുള്ള ‘യങ് ഇന്ത്യന്റെ’യും മറ്റ് സ്ഥാപനങ്ങളുടെയും ഓഫീസിലേക്കുള്ള പ്രവേശനം മുടങ്ങി.
ഇഡി നടപടിക്കു പിന്നാലെ കോൺഗ്രസ് ആസ്ഥാനത്തും സോണിയയുടെ വസതിക്കുമുന്നിലും വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. ഇതോടെ, അറസ്റ്റുണ്ടാകുമെന്ന് നേതൃത്വം ആശങ്കപ്പെട്ടു. ബാരിക്കേഡുകൾ നിരത്തി കോൺഗ്രസ് ആസ്ഥാനത്തേക്കുള്ള ഗതാഗതം പൊലീസ് തടഞ്ഞു. മല്ലികാർജുൻ ഖാർഗെ, പി ചിദംബരം, ദിഗ്വിജയ് സിങ്, ജയ്റാം രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾ കോൺഗ്രസ് ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നു. ഭയപ്പെടുത്താനും അവഹേളിക്കാനുമാണ് മോദി സർക്കാരിന്റെ ശ്രമമെന്നും അടിച്ചമർത്തൽ ശ്രമങ്ങളെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി വെള്ളിയാഴ്ച രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിലേക്കടക്കം മാർച്ച് നടത്തും. പ്രക്ഷോഭത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് കേന്ദ്ര ഏജൻസിയുടെ നടപടിയെന്നും – ജയ്റാം രമേശ് അടക്കമുള്ള നേതാക്കൾ പറഞ്ഞു.
നാഷണൽ ഹെറാൾഡ് ഓഫീസിലും മറ്റ് 11 ഇടത്തും ചൊവ്വാഴ്ച ഇഡി റെയ്ഡ് നടത്തിയിരുന്നു. നാഷണൽ ഹെറാൾഡ് ഓഫീസിൽ പ്രവർത്തിക്കുന്ന യങ് ഇന്ത്യൻ ഓഫീസ് മാത്രമാണ് ബുധനാഴ്ച പൂട്ടിയതെന്നാണ് ഇഡിയുടെ വിശദീകരണം. യങ് ഇന്ത്യന്റെ പ്രധാന നടത്തിപ്പുകാരനായ മല്ലികാർജുൻ ഖാർഗെ ഓഫീസിൽ വന്നിരുന്നു. എന്നാൽ, തിരച്ചിൽ നടത്തുംമുമ്പ് സ്ഥലംവിട്ടു. തിരച്ചിലുമായി സഹകരിക്കാൻ ഖാർഗെയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അധികാരപ്പെട്ട വ്യക്തി തിരച്ചിലിനായി ഹാജരാകുന്ന മുറയ്ക്ക് ഓഫീസ് തുറന്നുനൽകും–- ഇഡി വൃത്തങ്ങൾ പറഞ്ഞു.
യങ് ഇന്ത്യൻ : സോണിയയുടെയും രാഹുലിന്റെയും കമ്പനി
സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിൽ 2010ൽ രൂപീകരിക്കപ്പെട്ട കമ്പനിയാണ് യങ് ഇന്ത്യൻ. രൂപീകരിക്കപ്പെട്ടതിന് പിന്നാലെ നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റ് ജേർണൽസിന്റെ 100 ശതമാനം ഓഹരിയും രണ്ടായിരം കോടിയിലേറെ വരുന്ന സ്വത്തുക്കളും യങ് ഇന്ത്യൻ സ്വന്തമാക്കി. കടക്കെണിയിലായ അസോസിയേറ്റ് ജേർണൽസിന് നേരത്തേ കോൺഗ്രസ് പാർടി 90 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ചിരുന്നു. ഇത് തിരിച്ചടച്ചിരുന്നില്ല. ഇതിന് പകരമായാണ് ഓഹരികൾ 50 ലക്ഷം രൂപയ്ക്ക് യങ്ഇന്ത്യന് കൈമാറിയത്.
ജവാഹർലാൽ നെഹ്റുവും മറ്റ് സ്വാതന്ത്ര്യസമര സേനാനികളും ആരംഭിച്ച നാഷണൽ ഹെറാൾഡ് സ്വാതന്ത്ര്യത്തിനുശേഷമാണ് കോൺഗ്രസിന്റെ മുഖപത്രമായത്.
നാഷണൽ ഹെറാൾഡ് സ്വത്തുക്കൾ സ്വന്തമാക്കാൻ ക്രമരഹിതമായി അസോസിയേറ്റ് ജേർണൽസ് ഓഹരികൾ യങ് ഇന്ത്യൻ കൈവശപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കോടതിയെ സമീപിച്ചത്. നിലവിൽ കോടതിയുടെ പരിഗണനയിലാണ് കേസ്.
ഇഡിക്ക് സർവാധികാരം നൽകുന്ന വിധി
അപകടകരം–- പ്രതിപക്ഷ പാർടികൾ
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള അന്വേഷണ ഏജൻസികൾക്ക് സർവാധികാരം നൽകുന്ന നിയമഭേദഗതികൾ ശരിവച്ച സുപ്രീംകോടതി വിധി ആശങ്കാജനകമാണെന്ന് 17 പ്രതിപക്ഷപാർടികൾ സംയുക്തപ്രസ്താവനയിൽ പറഞ്ഞു. ഈ ഭേദഗതികളിൽ പലതും ധനനിയമംവഴി നടപ്പാക്കാൻ കഴിയുന്നതാണോയെന്ന് പരിശോധിക്കാതെയാണ് വിധി പ്രസ്താവിച്ചത്. ധനനിയമം വഴി ഭേദഗതികൾ കൊണ്ടുവരുന്ന രീതിയുടെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹർജികൾ വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. അതിൽ തീർപ്പ് വരുന്നതുവരെ ഇപ്പോഴത്തെ വിധി നീട്ടണമായിരുന്നു. നിയമഭേദഗതികൾവഴി രാഷ്ട്രീയ പകതീർക്കുന്ന കേന്ദ്രസർക്കാരിനു കരുത്ത് പകരുന്ന വിധിയാണിതെന്ന് പ്രസ്താവനയിൽ പറഞ്ഞു.
എളമരം കരീം (സിപിഐ എം), ബിനോയ് വിശ്വം (സിപിഐ), മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്), ഡെറിക് ഒബ്രയൻ (തൃണമൂൽ), ശരദ് പവാർ (എൻസിപി), ടി ആർ ബാലു, എം ഷൺമുഖൻ (ഡിഎംകെ), എ ബി സിങ് (ആർജെഡി), രാംഗോപാൽ യാദവ് (എസ്പി), പ്രിയങ്ക ചതുർവേദി (ശിവസേന), മഹുവ മാജി (ജെഎംഎം), നാരായണൻ ദാസ് ഗുപ്ത (എഎപി), ജോസ് കെ മാണി (കേരള കോൺഗ്രസ്), ജയന്ത് ചൗധരി (ആർഎൽഡി), വൈകോ (എംഡിഎംകെ), ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിംലീഗ്), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), കപിൽ സിബൽ (സ്വതന്ത്രൻ) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.