കൂത്താട്ടുകുളം > തൊഴിൽവിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് തിരുമാറാടി മണ്ഡലം പ്രസിഡന്റ് പാറയിൽ പുത്തൻപുരയിൽ സ്റ്റാലിൻ മാത്യുവിനെതിരെ (32) കൂത്താട്ടുകുളം പൊലീസ് കേസെടുത്തു.
ഒളിവിൽപ്പോയ സ്റ്റാലിൻ കഴിഞ്ഞദിവസം വിദേശത്തേക്ക് കടന്നതായാണ് വിവരം. നാലേമുക്കാൽ ലക്ഷം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തതെന്ന് ഇൻസ്പെക്ടർ കെ ആർ മോഹൻദാസ് പറഞ്ഞു. വിദേശരാജ്യങ്ങളിൽ ജോലി നൽകാം എന്നുപറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. പലരിൽനിന്നായി 30 ലക്ഷത്തിലധികം രൂപ വാങ്ങിയതായി പറയുന്നു.
യൂത്ത് കോൺഗ്രസ് നേതാവെന്നനിലയിലുള്ള ബന്ധങ്ങളും ഉന്നത നേതാക്കന്മാരുമായുള്ള ചിത്രങ്ങളും കാണിച്ചാണ് ഇയാൾ തൊഴിലന്വേഷകരെ കുടുക്കിയത്. ഒളിവിൽ പോകുവാനും പിന്നീട് വിദേശത്തേക്ക് കടക്കാനും സൗകര്യങ്ങൾ ഒരുക്കിയതിലും നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
അന്വേഷണം വേണം: ഡിവൈഎഫ്ഐ
വിസ നൽകാമെന്ന് വാഗ്ദാനം നൽകി തൊഴിലന്വേഷകരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് തിരുമാറാടി മണ്ഡലം പ്രസിഡന്റിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിയെ സഹായിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.