തളിപ്പറമ്പ് > സ്കൂൾ ക്ലാസ് മുറിയിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകന് 79 വർഷം കഠിന തടവും 2.70 ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് അപൂർവ ശിക്ഷ വിധിച്ചത്. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ എൽപി സ്കൂൾ അധ്യാപകനായിരുന്ന ആലപ്പടമ്പ ചൂരലിലെ പി ഇ ഗോവിന്ദൻ നമ്പൂതിരിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.
യുപി ക്ലാസിലെ നാല് കുട്ടികളെയാണ് അധ്യാപകൻ പീഡിപ്പിച്ചത്. 2013 ജൂൺ മുതൽ 2014 ജനുവരി വരെ ക്ലാസ് മുറിയിൽ അധ്യാപകൻ വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാത്ത പ്രധാനാധ്യാപിക, ഹെൽപ് ഡെസ്ക് ചുമതലയുളള അധ്യാപിക എന്നിവരെയും പ്രതിചേർത്തിരുന്നുവെങ്കിലും വെറുതെ വിട്ടു.
അഞ്ച് കേസാണ് ഉണ്ടായത്. ഒരുകേസിൽ വെറുതെ വിട്ടു. സംഭവത്തിന് ശേഷം ഗോവിന്ദനെ സർവീസിൽനിന്ന് നീക്കി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി പി മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി തുടങ്ങിയ ശേഷം ആദ്യം പരിഗണിച്ച കേസാണിത്.