മുണ്ടക്കയം> ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളിക്ക് ‘കനിവ് 108 ’ ആംബുലൻസിനുള്ളിൽ സുഖപ്രസവം. അസം സ്വദേശിനി വണ്ടിപ്പെരിയാർ വള്ളക്കടവ് താമസിക്കുന്ന ചാർമിള ബീഗം(20) ആണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മംനൽകിയത്.
ചൊവ്വ പുലർച്ചെ പ്രസവവേദന അനുഭവപ്പെട്ട ചാർമിളയെ ബന്ധുക്കളാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സ വേണ്ട സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽനിന്ന് സന്ദേശം പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ലഭിച്ചതോടെ ആംബുലൻസ് പൈലറ്റ് പി വി വിനോദ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രമ്യ ശശി എന്നിവർ ചാർമിളയുമായി മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചു.
ആംബുലൻസ് മുണ്ടക്കയം ഭാഗത്ത് എത്തിയപ്പോൾ ആരോഗ്യനില വഷളായതോടെ അടിയന്തരമായി ആംബുലൻസിൽ പ്രസവത്തിനുള്ള സജീകരണങ്ങൾ ഒരുക്കുകയുമായിരുന്നു. പുലർച്ചെ മൂന്നോടെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രമ്യ ശശിയുടെ പരിചരണത്തിൽ ചാർമിള കുഞ്ഞിന് ജന്മം നൽകി. പിന്നീട് ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.