മൂവാറ്റുപുഴ> കച്ചേരിത്താഴം പാലത്തിൽ നിന്നും ഏകദേശ 10 മീറ്റർ മാറിയാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. പഴയ പാലത്തിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്.
അതേസമയം അതിതീവ്ര മഴയിൽ മൂവാറ്റുപുഴയാർ കരകവിഞ്ഞ് താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയാറിന്റെ കൈവഴികളായ കാളിയാർപ്പുഴ, തൊടുപുഴയാർ, കോതമംഗലം പുഴ എന്നിവയും തോടുകളും നിറഞ്ഞൊഴുകുന്നു. മൂവാറ്റുപുഴ ടൗൺ യുപി സ്കൂൾ, കടാതി എൻഎസ്എസ് കരയോഗം എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള 150 പേർ ക്യാമ്പിലുണ്ട്. കുര്യൻമലത്താഴം, ആനിക്കാക്കുടി, ആനച്ചാൽ, മുറിക്കൽ, ഇലാഹിയ നഗർ, മൂന്നുകണ്ടം, കൊച്ചങ്ങാടി, എട്ടങ്ങാടി, കാളച്ചന്ത പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളംകയറി. ഗവ. ഹോമിയോ ആശുപത്രിയുടെ താഴത്തെ നിലയിൽ വെള്ളംകയറി.