വാളയാർ> കനത്തമഴയിൽ കാർ നിയന്ത്രണം വിട്ടു ദേശീയപാതയോരത്ത് നിർത്തിയിട്ട ലോറിക്കു പിന്നിലേക്കു ഇടിച്ചു കയറി ഒരാൾ മരിച്ചു. 3 കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 7 പേർക്കു പരുക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരം. വ്യവസായിയായ കോഴിക്കോട് ഉള്ളിയേരി തെരുവത്ത് കടവ് ആയിരോളി വീട്ടിൽ ഇബ്രാഹിം (58) ആണു മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ റാഖിയ (54), മക്കളായ സബീന (34), മുബീന (32), മരുമകൻ ജുനൈദ് (40), മുബീനയുടെ മകൻ റിസ്വാൻ (12), ജുനൈദിന്റെയും സബീനയുടെയും മക്കളായ മുഹമ്മദ് ഷഹ്ബാൻ (11), മുഹമ്മദ് ജിയാദ് (6), എന്നിവർക്കാണു പരുക്കേറ്റത്.
ഇവരിൽ ഗുരുതരമായി പരുക്കേറ്റ റിസ്വാനെ തൃശൂർ മെഡിക്കൽ കോളജിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റിസ്വാൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചൊവ്വ പുലർച്ചെ 5നു ദേശീയപാതയിൽ അട്ടപ്പള്ളത്താണ് അപകടം. ഡ്രില്ലിങ് മെഷീൻ, കട്ടർ ഉൾപ്പെടെയുള്ള മെഷീനുകൾ വാങ്ങി വാടകയ്ക്കു നൽകുന്ന ഇബ്രാഹിം കോയമ്പത്തൂർ ഉക്കടത്ത് ഇത്തരം മെഷീനുകൾ വാങ്ങാനായി കോഴിക്കോട്ടു നിന്നു പോവുമ്പോഴായിരുന്നു അപകടം.
ജുനൈദാണ് കാർ ഓടിച്ചിരുന്നത്. ഇബ്രാഹിം മുൻ സീറ്റിലാണ് ഇരുന്നത്. പരുക്കേറ്റ മുഴുവൻ പേരെയും പൊലീസും ദേശീയപാത അതോററ്റിയുടെ സുരക്ഷാ വിഭാഗവും ചേർന്നു ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇബ്രാഹിമിനെ രക്ഷിക്കാനായില്ല. ഇബ്രാഹിമിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട്ടേക്കു കൊണ്ടുപോയി. മുഹ്സീനയാണ് മറ്റൊരു മകൾ. മറ്റു മരുമക്കൾ: ഷമീം, ഷംസീർ.